തിരുവനന്തപുരം: മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന് അഭിപ്രായം സിപിഎമ്മിനില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനാധിപത്യ രീതിയിലാണ് മുസ്‌ലിം ലീഗ് പ്രവർത്തിക്കുന്നത്. വർഗീയതക്കെതിരായ പോരാട്ടത്തിൽ സമാന നിലപാടുള്ള ആരുമായും യോജിക്കാം. എന്നാൽ രാഷ്ട്രീയ യോജിപ്പിന്‍റെ കാര്യത്തിൽ നിലപാടില്‍ അടക്കം നിരവധി വിഷയങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണ്. അതുകൊണ്ടുതന്നെ നിലപാടുകളനുസരിച്ച് അഭിപ്രായങ്ങളും മാറും. മുമ്പ് സിപിഎമ്മും മുസ്‌ലിംലീഗും സപ്‌തകക്ഷി മുന്നണിയിൽ ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിൽ ആരെയും മാറ്റിനിർത്തേണ്ട കാര്യമില്ലെന്നും നിലപാട് അനുസരിച്ച് ചർച്ച ചെയ്‌ത് നയപരമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തെ ആര് സ്നേഹിച്ചാലും സന്തോഷമാണ്. കോൺഗ്രസ് നേതാക്കളുടെ ബിജെപി അനുകൂല തീരുമാനങ്ങളിൽ മുസ്‌ലിം ലീഗിന് എതിരഭിപ്രായമുണ്ട്. ഇതാണ് പ്രതികരണങ്ങളിൽ തെളിയുന്നതെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. കൂടാതെ കേരളത്തെ ബാധിക്കുന്ന കേന്ദ്രസർക്കാറിന്‍റെ നിലപാടുകൾക്കെതിരെ യുഡിഎഫ് എംപിമാർ മിണ്ടുന്നില്ലെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.