തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിവശങ്കറിനെ ശനിയാഴ്ച ഉച്ചയോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാറ്റുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ മാധ്യമപ്രവർത്തകരെ ആശുപത്രി ജീവനക്കാർ കൈയേറ്റം ചെയ്തത് സംഘർഷത്തിനിടയാക്കി. പത്ര ഫോട്ടോഗ്രഫർമാർക്കും ചാനൽ ക്യാമറാമാൻമാർക്കും മർദ്ദനമേറ്റു. ആശുപത്രി ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് വൈകിയതോടെ മാധ്യമ പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു.
കസ്റ്റംസ് ചോദ്യം ചെയ്യലിനായി പോകുമ്പോഴാണ് ശിവശങ്കറിന് ഇന്നലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അതിനു ശേഷം സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച നടത്തിയ ആൻജിയോഗ്രാം പരിശോധനയിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. ഡിസ്കുകളുടെ തകരാറിനെത്തുടർന്ന് അനുഭവപ്പെടുന്ന നടുവേദനയ്ക്ക് വിദഗ്ധ ചികിത്സ തേടാമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് ശിവശങ്കറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഈ മാസം ഒമ്പതിനും പത്തിനും ശിവശങ്കറിനെ ചോദ്യം ചെയ്ത കസ്റ്റംസ് 13ാം തീയതി വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെളിവു ഹാജരാക്കാൻ ശിവശങ്കർ കൂടുതൽ സമയം ചോദിച്ചതിനെത്തുടർന്ന് ചോദ്യം ചെയ്യൽ മാറ്റി. 15ന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യൽ ഉണ്ടായതിനാൽ കസ്റ്റംസിനു മുന്നിൽ ഹാജരായില്ല. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതിനാൽ തിരുവനന്തപുരത്ത് തന്നെ ചോദ്യം ചെയ്യാനാണ് വെള്ളിയാഴ്ച കസ്റ്റംസ് നോട്ടീസ് നൽകിയത്. നോട്ടീസ് കൈപ്പറ്റിയ ശേഷം വാഹനത്തിലേക്ക് കയറുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ശിവശങ്കറിന്‍റെ ആവശ്യപ്രകാരം അദ്ദേഹത്തിന്‍റെ ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിൽ കസ്റ്റംസ് വാഹനത്തിൽ തന്നെ എത്തിക്കുകയായിരുന്നു.