തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായി സസ്‌പെന്‍ഷനിലായിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സര്‍വീസില്‍ തിരികെ പ്രവേശിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ഔദ്യോഗിക കാറില്‍ അദ്ദേഹം സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെത്തി. എന്നാല്‍ അദ്ദേഹത്തിന്‍റെ തസ്‌തിക സംബന്ധിച്ച വിവരം സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
2020 ജൂലൈ 17ന് സസ്‌പെന്‍ഷനിലായ ശിവശങ്കറിനെ ജനുവരി 5 മുതല്‍ സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചുകൊണ്ട് ചീഫ് സെക്രട്ടറി വി.പി.ജോയി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നയതന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കസ്‌റ്റംസും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റും രജിസ്‌റ്റര്‍ ചെയ്‌ത കേസുകളിലെ പ്രതിയാണ് മുന്‍ ഐ.ടി സെക്രട്ടറി കൂടിയായ ശിവശങ്കര്‍.
ALSO READ: 'കെ.റെയിൽ പരിസ്ഥിതി സൗഹൃദം, കേരളത്തെ വിഭജിക്കില്ല ' ; നടക്കുന്നത് തെറ്റായ പ്രചരണമെന്ന് മുഖ്യമന്ത്രി
എന്നാല്‍ കേസുകള്‍ തീര്‍പ്പാകുന്നത് വരെ അദ്ദേഹത്തെ സസ്‌പെന്‍ഷനില്‍ നിര്‍ത്തുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാകുമെന്ന ചീഫ് സെക്രട്ടറിയുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ശിവശങ്കറെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്‌തത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ശിവശങ്കറിനുള്ള അടുപ്പം തട്ടിപ്പിന് സഹായകമായെന്ന് നേരത്തെ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് 2020 ജൂലൈ 17ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്‌തത്. പിന്നീട് പലതവണ സസ്‌പെന്‍ഷന്‍ നീട്ടുകയും ചെയ്‌തു.