തിരുവനന്തപുരം: എം.ശിവശങ്കർ ആയൂർവേദ ചികിത്സയിൽ. മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ ശിവശങ്കറിനെ വഞ്ചിയൂരിലെ ആയൂർവേദ ചികിത്സ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ചു മണിയോടെയാണ് ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.
ആശുപത്രിയിൽ കിടത്തി ചികിത്സിക്കാൻ തക്കവണ്ണം ആരോഗ്യ പ്രശ്നങ്ങൾ ശിവശങ്കറിന് ഇല്ലെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡ് യോഗം തീരുമാനിച്ചത്. കരമനയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ശിവശങ്കറിന്‍റെ നടുവിലെ ഡിസ്കിന് ചെറിയ തകരാർ കണ്ടെത്തിയിരുന്നു. തുടർന്നാണ് വിദഗ്‌ധ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എം.ആർ.ഐ സ്കാൻ ഉൾപ്പടെയുള്ള പരിശോധനകളും നടത്തി. എന്നാൽ നടുവേദന ഗുരുതരമല്ലെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കസ്റ്റംസ് വാഹനത്തിൽ പോകുന്നതിനിടെ ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൻജിയോഗ്രാം ഉൾപ്പടെയുള്ള പരിശോധനകളും നടത്തി. എന്നാൽ പരിശോധകളിൽ കാര്യമായ പ്രശ്നങ്ങൾ കണ്ടെത്താനായില്ല. തുടർന്നാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.