തിരുവനന്തപുരം : സര്‍വീസിലിരിക്കെ എം.ശിവശങ്കര്‍ പുസ്തകം എഴുതാന്‍ സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ രേഖാമൂലം അറിയിച്ചു. കെ.കെ രമ എം.എൽ.എയുടെ ചോദ്യത്തിനുള്ള മറുപടിയായാണ്, അനുമതിയില്ലാതെയാണ് പുസ്തകമെഴുതിയതെന്ന കാര്യം മുഖ്യമന്ത്രി സഭയെ അറിയിച്ചത്. സർവീസ് ചട്ടം ലംഘിച്ച് പുസ്തകം എഴുതിയതിന് വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു കെ.കെ രമയുടെ ചോദ്യം.
ശിവശങ്കറിനെതിരെ സർക്കാർ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. ശിവശങ്കറിന്‍റെ കാര്യത്തിൽ 1968-ലെ ഓൾ ഇന്ത്യ സർവീസ് (കോണ്ടക്ട്) റൂൾസിലെ വ്യവസ്ഥകൾ ബാധകമാണെന്നും ലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജേക്കബ് തോമസിനെതിരെ, 1968ലെ ഓൾ ഇന്ത്യ സർവീസ് (കോണ്ടക്ട്) റൂൾസിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്നതിനാല്‍ 1969-ലെ ഓൾ ഇന്ത്യ സർവീസ് (ഡിസിപ്ലിൻ ആൻഡ് അപ്പീൽ)റൂൾസിലെ റൂൾ 8 പ്രകാരം വകുപ്പുതല അച്ചടക്ക നടപടിയും 1966 ലെ പൊലീസ് ഫോഴ്‌സസ് ( റെസ്ട്രിക്ഷൻ ഓഫ് റൈറ്റ് ) ആക്ടിലെ സെക്ഷൻ 3ന്‍റെ ലംഘനം നടന്നതിനാൽ ക്രിമിനൽ നടപടിയും സ്വീകരിച്ചിട്ടുണ്ട്.
'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പേരിലാണ് എം. ശിവശങ്കര്‍ തന്‍റെ ആത്മകഥ പ്രസിദ്ധീകരിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അനുഭവങ്ങളും കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുമായിരുന്നു പുസ്‌തകത്തില്‍.