തിരുവനന്തപുരം: എം.രാധാകൃഷ്ണൻ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. രാധാകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രസ് ക്ലബ് പ്രസിഡന്റ് സോണിച്ചൻ പി.ജോസഫ്, ട്രഷറർ ശ്രീകേഷ്, വൈസ് പ്രസിഡന്റ് ഹാരിസ് കുറ്റിപ്പുറം, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.എം. ബിജുകുമാർ, രാജേഷ് ഉള്ളൂർ, ഹണി, ലക്ഷ്മി മോഹൻ, വെൽഫയർ കമ്മിറ്റി അംഗം അജി ബുധനൂർ എന്നിവരും രാജിക്കത്ത് നൽകി. സഹപ്രവർത്തകയുടെ വീട്ടിലെത്തി സദാചാര ഗുണ്ടായിസം കാട്ടിയെന്ന പരാതിയിൽ പേട്ട പൊലീസ് അറസ്റ്റു ചെയ്യുകയും രാജി ആവശ്യപ്പെട്ട് ഒരു വിഭാഗം മാധ്യമ പ്രവർത്തകർ സമരം ശക്തമാക്കുകയും ചെയ്തതിനു പിന്നാലെയാണ് രാജി.
തിരുവനന്തപുരം പ്രസ് ക്ലബിലെത്തി പേട്ട പൊലീസ് എം. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്‌തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. സഹപ്രവർത്തകയുടെ വീട്ടില്‍ കയറി ആക്രമണം നടത്തി, സ്‌ത്രീത്വത്തെ അപമാനിക്കല്‍, മർദനം, തടഞ്ഞുവെയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് രാധാകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. രാധാകൃഷ്ണനെ പ്രസ്ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് വനിതാ മാധ്യമപ്രവർത്തകർ ശക്തമായി ആവശ്യപ്പെട്ടിരുന്നു.