തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് വൈദ്യുത മന്ത്രി എം.എം.മണി. സമവായമുണ്ടായാൽ പദ്ധതി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. പദ്ധതിക്ക് സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ സാങ്കേതിക സാമ്പത്തിക അനുമതിയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിയും ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ കാലാവധി പുതുക്കാനാണ് കെഎസ്ഇബി അപേക്ഷ നൽകിയത്. അപേക്ഷയുമായി മുന്നോട്ടുപോകാൻ കെഎസ്ഇബിക്ക് അനുമതി നൽകിയത് സാധാരണ നടപടിക്രമം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
സമവായം ഉണ്ടായാൽ പദ്ധതി നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അനുമതി പുതുക്കി നേടേണ്ടത് അത്യാവശ്യമാണ്. ഈ സാധാരണ നടപടിക്രമത്തെയാണ് പുതുതായി എന്തോ സംഭവിച്ചുവെന്ന മട്ടിൽ പ്രചരിപ്പിച്ച് വാർത്ത സൃഷ്ടിക്കുന്നതെന്നും വ്യത്യസ്ത അഭിപ്രായമുള്ളതിനാൽ സമവായമുണ്ടെങ്കിൽ പദ്ധതി നടപ്പാക്കാമെന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.