തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളെ കാത്തു ചിഹ്നങ്ങൾ അനവധി. ചെണ്ട മുതൽ മൊബൈൽ ഫോൺ വരെയുള്ള 75 ചിഹ്നങ്ങൾ സ്ഥാനാർഥികൾക്ക് തെരഞ്ഞെടുക്കാം. കാർഷിക അഭിവൃദ്ധിയുടെ ചിഹ്നമായ കലപ്പ, സാധാരണക്കാരുടെ വാഹനമായ ഓട്ടോറിക്ഷ, പുതുതലമുറയുടെ പ്രതീകമായ മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച പട്ടികയിലുണ്ട്.
തൊഴിൽ ഉപകരണങ്ങളുടെ കൂട്ടത്തിൽ മഴു, ബ്രഷ്, തയ്യൽ മെഷീൻ എന്നിവയുണ്ട്. ക്രിക്കറ്റ് ബാറ്റ്, ഹോക്കി സ്റ്റിക്കും പന്തും, ഫുട്ബോൾ, ടെന്നീസ് റാക്കറ്റ്, പമ്പരം, ക്യാരംസ് ബോർഡ് എന്നി കളിക്കോപ്പുകളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സംഗീത ഉപകരണങ്ങൾ വയലിൻ, ട്രമ്പറ്റ്, ഹാർമോണിയം എന്നിവയ്ക്കു പുറമേ ഓടക്കുഴലുമുണ്ട്. കുടിലും ഇസ്‌തിരി പെട്ടിയും, പട്ടവും തീവണ്ടി എൻജിനും വാളും പരിചയും ഉൾപ്പടെ 75 ഇനങ്ങളാണ് സ്വതന്ത്രർക്കുള്ള ചിഹ്നങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്.