തിരുവനന്തപുരം: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തിരക്കുകളിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വമെങ്കിലും കേരളത്തിലെ കോണ്‍ഗ്രസില്‍ ലോക്‌സഭ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു. പതിവിനു വിപരീതമായി ഇത്തവണ സഥാനാര്‍ത്ഥി മോഹികളുടെ തള്ളിക്കയറ്റമില്ലെന്നതാണ് കേരളത്തിലെ കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നതെങ്കിലും ചില സീറ്റുകള്‍ കേന്ദ്രീകരിച്ച് ചരടുവലികള്‍ ആരംഭിച്ചതായാണ് സൂചന.
വടകരയിലേക്ക് മുരളി വന്ന വഴി: മണ്ഡല പുനര്‍ നിര്‍ണയത്തിനു ശേഷം തീര്‍ത്തും യുഡിഎഫ് പക്ഷത്തേക്കു ചാഞ്ഞ വടകരയിലേക്കാണ് സ്ഥാനാര്‍ത്ഥി മോഹികള്‍ കണ്ണുവയ്ക്കുന്നത്. മത്സരരംഗത്തു നിന്ന് തന്നെ ഒഴിവാക്കണം എന്ന ആവശ്യം മുരളീധരന്‍ മുന്നോട്ടു വച്ചതോടെയാണ് വടകരയിലേക്ക് സ്ഥാനാര്‍ത്ഥി മോഹികള്‍ പറന്നിറങ്ങിയത്. കഴിഞ്ഞ തവണ പ്രത്യേക സാഹചര്യത്തിലാണ് വട്ടിയൂര്‍കാവ് എംഎല്‍എ ആയ മുരളീധരന്‍ വടകരയില്‍ അങ്കത്തിനിറങ്ങിയത്.
കോണ്‍ഗ്രസ് നേതൃത്വം അന്ന് മുന്നോട്ടു വച്ച പല പേരുകളോടും വടകര മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള ആര്‍എംപിക്കും മുസ്ലീംലീഗിനും യോജിപ്പുണ്ടായില്ല. കെപിസിസി പ്രസിഡന്‍റ് എന്ന സ്ഥാനമുള്ളതിനാല്‍ സിറ്റിംഗ് എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാന്‍ തയ്യാറായതുമില്ല. അങ്ങനെയാണ് കോഴിക്കോട് മുന്‍ എംപി കൂടിയായ മുരളീധരനിലേക്ക് വടകര സ്ഥാനാര്‍ത്ഥിത്വം വരുന്നത്. മുരളീധരന്‍റെ കാര്യത്തിലാകട്ടെ ആര്‍എംപിക്കോ ലീഗിനോ എതിരഭിപ്രായം ഉണ്ടായതുമില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിരുന്നെങ്കില്‍ കെ.മുരളീധരന് സ്ഥാന ലബ്ധിക്കും സാദ്ധ്യതയുണ്ടായിരുന്നു.
പക്ഷേ ഇത്തവണ അതല്ല സ്ഥിതി. സംസ്ഥാന രാഷ്ട്രീയത്തില്‍ നില്‍ക്കാനാണ് മുരളീധരനു താത്പര്യം. ഇതിനാല്‍ ഇത്തവണ തന്നെ ഒഴിവാക്കണം എന്ന് മുരളീധരന്‍ സംസ്ഥാന നേതൃത്വത്തോടും കേന്ദ്രത്തോടും ഇക്കാര്യം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആവശ്യം അംഗീകരിക്കും എന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ട്. മുരളീധരനില്ലെങ്കില്‍ ആരെന്നതാണ് ഇക്കുറിയും പ്രശ്‌നം. സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റേതാണെങ്കിലും ഇത്തവണയും ആര്‍എംപിയുടെയും ലീഗിന്റെയും അഭിപ്രായം പരിഗണിച്ചേ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്കു കടക്കാനാകൂ. കെഎസ്‌യു മുന്‍ സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിതിന്‍റെ പേരിനാണ് വടകരയില്‍ ഇപ്പോള്‍ മുന്‍ തൂക്കമെങ്കിലും ലീഗിന്റെയും ആര്‍എംപിയുടെയും മനസിലിരിപ്പ് വ്യക്തമല്ല.
ആലപ്പുഴ പിടിക്കണം: കഴിഞ്ഞ തവണ യുഡിഎഫ് പരാജയപ്പെട്ട ഏക സീറ്റായ ആലപ്പുഴയില്‍ ഇത്തവണ ആരെന്ന ചര്‍ച്ചകള്‍ സജീവമാണ്. കഴിഞ്ഞ തവണ പരാജയപ്പെട്ട ഏക സ്ഥാനാര്‍ത്ഥിയായ ഷാനിമോള്‍ ഉസ്മാനെ ഇത്തവണ എന്തായാലും ആലപ്പുഴയില്‍ പരിഗണിക്കാനിടയില്ല. പകരം ഒട്ടേറെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നു. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം ജില്ല എന്ന നിലയിലും കോണ്‍ഗ്രസ് ദേശീയ നേതാവ് കെസി വേണുഗോപാലിന് നിര്‍ണായക സ്വാധീനമുള്ള ജില്ല എന്ന നിലയിലും ഇരുവരുടെയും അഭിപ്രായങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടാകുമെങ്കിലും കെസി വേണുഗോപാലിന്‍റെ അഭിപ്രായത്തിനു തന്നെയായിരിക്കും ഹൈക്കമാന്‍ഡ് ചെവി കൊടുക്കുക. അങ്ങനെയെങ്കില്‍ കെസി വേണുഗോപാലുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന കെപിസിസി ജനറല്‍ സെക്രട്ടറി കെപി ശ്രീകുമാറിന് ആലപ്പുഴയില്‍ നറുക്ക് വീണേക്കും.
ടിഎൻ പ്രതാപൻ തന്നെ: തൃശൂരില്‍ ടിഎന്‍ പ്രതാപനും മത്സരിക്കാന്‍ താത്പര്യമില്ലെന്നറിയിച്ചിട്ടുണ്ടെങ്കിലും ഹൈക്കമാന്‍ഡ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. സുരേഷ് ഗോപിയിലൂടെ മണ്ഡലം പിടിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ക്ക് തടയിടാന്‍ സിറ്റിംഗ് എംപി എന്ന നിലയില്‍ പ്രതാപന് കഴിയുമെന്നൊരു വിലയിരുത്തല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. പ്രതാപനില്ലെങ്കില്‍ പിന്നെ കരുത്തനായൊരു സ്ഥാനാര്‍ത്ഥിയെ തന്നെ തൃശൂരില്‍ അവതരിപ്പിക്കാതിരിക്കാനാകില്ല. തൃത്താലയിലെ മുന്‍ എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റുമായ വിടി ബല്‍റാമിനൈ പ്രതാപനു പകരം പരിഗണിച്ചേക്കും എന്നൊരു സൂചനയുണ്ട്. എങ്കിലും അന്തിമ ഘട്ടത്തില്‍ വിജയ സാദ്ധ്യതയ്ക്കു തന്നെയായിരിക്കും തൃശൂരില്‍ മുന്‍ഗണന.
പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണിക്ക് പകരം ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ പരിഗണിക്കണം എന്നൊരു വാദം ഉയര്‍ന്നിരുന്നെങ്കിലും അത് ഇപ്പോള്‍ അത്ര സജീവമല്ല. ആന്‍റോ ആന്‍റണിയെ പകരം കോട്ടയത്ത് മത്സരിപ്പിക്കാനനുള്ള ആലോചനയും സജീവമായിരുന്നു. നിലവില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല.
ആറ്റിങ്ങലില്‍ മത്സരിക്കാനില്ലെന്ന് അടൂര്‍ പ്രകാശ് പറയുന്നുണ്ടെങ്കിലും മണ്ഡലം നിലനിര്‍ത്താന്‍ കഴിവുള്ള മറ്റൊരു സ്ഥാനാര്‍ത്ഥിയിലേക്ക് എത്തുക ദുഷ്‌കരമാണെന്ന് പാര്‍ട്ടി നേതൃത്വം വിലിയിരുത്തുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനാണ് താത്പര്യമെങ്കിലും അടൂര്‍ പ്രകാശിനു മുന്നില്‍ മത്സരിക്കുകയല്ലാതെ മറ്റു വഴികളില്ല. ഹൈബി ഈഡനും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണമെന്നുണ്ടെങ്കിലും എറണാകുളത്ത് തത്കാലം മറ്റു സ്ഥാനാര്‍ത്ഥികളെ പരിഗണിക്കാനിടയില്ല.
കേരള കോൺഗ്രസിനും ചില ആഗ്രഹങ്ങൾ: കോട്ടയം സീറ്റ് 2019ല്‍ യുഡിഎഫ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു നല്‍കിയതാണെങ്കിലും അവര്‍ എല്‍ഡിഎഫിലേക്കു ചേക്കേറിയ സാഹചര്യത്തില്‍ അവിടെ പുതിയ സ്ഥാനാര്‍ത്ഥിയെ യുഡിഎഫിനു കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ തവണ മാണി വിഭാഗവും ജോസഫ് വിഭാഗവും ഒന്നായിരുന്നെങ്കിലും ഇത്തവണ സീറ്റ് തങ്ങള്‍ക്കു വേണമെന്നൊരു അവകാശവാദം ജോസഫ് വിഭാഗം കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നില്‍ വയ്ക്കുന്നുണ്ട്.
സീറ്റ് ജോസഫ് വിഭാഗത്തിനു നല്‍കിയാല്‍ പിസി തോമസിനോ മുന്‍ ഇടുക്കി എംപി ഫ്രാന്‍സിസ് ജോര്‍ജിനോ നറുക്കു വീഴും. ഇടുക്കി സീറ്റ് വിട്ടു നല്‍കി കോട്ടയം കോണ്‍ഗ്രസ് ഏറ്റെടുക്കണം എന്നൊരാവശ്യവും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മുന്നോട്ടു വയ്ക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ് മത്സരിക്കും. പകരം ഇടുക്കിയിലെ സിറ്റിംഗ് എംപി ഡീന്‍ കുര്യാക്കോസ് കോട്ടയം സീറ്റില്‍ മത്സരിക്കും.