തിരുവനന്തപുരം : മന്ത്രിസഭായോഗം എടുക്കുന്ന തീരുമാനങ്ങള്‍ പരിശോധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടോയെന്നതില്‍ ലോകായുക്തയും ഉപലോകായുക്തമാരും തമ്മില്‍ അഭിപ്രായ ഭിന്നത. ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്‌തെന്ന കേസിൽ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലാണ് ഭിന്നാഭിപ്രായമുണ്ടായത്.
അഭിപ്രായ ഭിന്നത ഇങ്ങനെ : ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ അഴിമതിയോ സ്വജനപക്ഷപാതമോ കാണാനായില്ലെന്ന് വ്യക്തമാക്കുകയും എന്നാല്‍ നടപടിക്രമങ്ങളില്‍ വീഴ്‌ചയുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുകയുമായിരുന്നു ലോകായുക്ത ജസ്‌റ്റിസ് സിറിയക് ജോസഫ്. കൂടാതെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സെക്ഷൻ 2 (0) പ്രകാരം ക്യാബിനറ്റ് പബ്ലിക് സർവെന്‍റിന്‍റെ കീഴിൽ വരില്ലെന്നും അതിനാൽ മന്ത്രിസഭ എടുത്ത തീരുമാനത്തിൽ ഇടപെടാൻ സാധിക്കില്ലെന്നും ഉപലോകയുക്തമാരായ ബാബു മാത്യു പി ജോസഫും ഹാറൂൺ റഷീദും അറിയിച്ചു.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പ്രത്യേക അധികാരങ്ങളുണ്ടെന്നും ഇവർ കൂടിച്ചേരുന്ന ക്യാബിനറ്റിനും സ്വതന്ത്രമായ അധികാരങ്ങളുണ്ടെന്നും അതിനാൽ ഹർജി പരിഗണനാ വിഷയമല്ലെന്നും ബാബു മാത്യു പി ജോസഫ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അഴിമതിക്ക് തെളിവില്ലാത്തതിനാല്‍ തുടരന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് ബെഞ്ച് ഏകകണ്‌ഠമായി വിധിച്ചു. മൂന്ന് ലക്ഷം രൂപ വരെ നല്‍കാന്‍ മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. അതിന് മുകളിലുള്ള തുകയ്ക്ക് മന്ത്രിസഭയുടെ അനുമതി വേണമെന്നാണ് വ്യവസ്ഥ. ഇവിടെ അത് പാലിച്ചിട്ടുണ്ടെന്നും അവര്‍ വിധിയിൽ പറഞ്ഞു.
Also Read: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് : 'ലോകായുക്ത മുട്ടിലിഴയുന്നു' ; രൂക്ഷ വിമര്‍ശനവുമായി പരാതിക്കാരന്‍
കേസിന്‍റെ നാള്‍വഴി : ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്‌തതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും 18 മന്ത്രിമാരെയും ചീഫ് സെക്രട്ടറിയേയും എതിര്‍ കക്ഷികളാക്കിയുള്ള കോൺഗ്രസ് നേതാവ് ആർഎസ് ശശി കുമാറിന്‍റെ 2018 ലെ ഹർജിയിലാണ് ലോകായുക്ത വിധി പറഞ്ഞത്. അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂർ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നൽകി, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ പൈലറ്റ് വാഹന ഡ്രൈവർ പ്രവീൺ അന്തരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ കുടുംബത്തിന് 20 ലക്ഷം രൂപ കൊടുക്കാൻ മന്ത്രിസഭ തീരുമാനം എടുത്തു, സിപിഎം മുന്‍ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് സാമ്പത്തിക സഹായവും എഞ്ചിനീയറിങ് ബിരുദധാരിയായ മകന് യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയും നൽകി എന്നതെല്ലാം മാനദണ്ഡങ്ങൾ മറികടന്ന് കൊണ്ടാണെന്നാണ് ഹർജിയിൽ പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നത്.
Also Read: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ സർക്കാരിന് ആശ്വാസം; ഹര്‍ജി തള്ളി ലോകായുക്ത
2022 മാർച്ച് 18 ന് ഹര്‍ജിയില്‍ വാദം പൂർത്തിയായി കേസിൽ 2023 മാർച്ച് 31 ന് ലോകായുക്തയുടെ രണ്ടംഗ ബെഞ്ച് വിധി പറഞ്ഞിരുന്നു. എന്നാൽ വിധിയിൽ ഭിന്നാഭിപ്രായം ഉണ്ടായതിനെ തുടർന്ന് കേസ് മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു.