തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് നാളെ (30.01.22) സമ്പൂര്‍ണ നിയന്ത്രണം. ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗവ്യാപനം തീവ്രതയിലെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ വാരാന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കും. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. അടിയന്തര ഘട്ടങ്ങളില്‍ യാത്രകള്‍ നടത്തുന്നവര്‍ കാരണം വ്യക്തമാക്കുന്ന രേഖ നിര്‍ബന്ധമായും കാണിക്കണം.
ALSO READ: തലസ്ഥാനത്ത് ഇന്ന് മുതൽ സമൂഹ അടുക്കളകൾ പുനരാരംഭിക്കും
ചികിത്സ, വാക്‌സിനേഷന്‍ എന്നിവയ്ക്കും യാത്രയാകാം. ഹോട്ടലിലും ബേക്കറിയിലും പാഴ്‌സല്‍ മാത്രമേ അനുവദിക്കൂ. അടിയന്തര സാഹചര്യത്തില്‍ വര്‍ക്ക് കടകൾക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ദീര്‍ഘദൂര ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തും. മാധ്യമ സ്ഥാപനങ്ങള്‍, മരുന്നുകടകള്‍, ആംബുലന്‍സ് എന്നിവയ്ക്കും പ്രവര്‍ത്തനത്തിന് അനുമതിയുണ്ട്.
സംസ്ഥാനത്ത് രോഗ വ്യാപനം വര്‍ദിച്ചതിനെ തുടര്‍ന്ന് അഞ്ച് ജില്ലകളെ സി-കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ പൊതുപരിപാടികള്‍ പാടില്ല. ആരാധനാ ചടങ്ങുകള്‍ ഓണ്‍ലൈനായി മാത്രമെ അനുവദിക്കൂ.
തിയേറ്റര്‍, സ്വിമ്മിങ് പൂള്‍, ജിം തുടങ്ങിയവയും തുറക്കാന്‍ പാടില്ല. മരണം, വിവാഹം എന്നീ ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ.