തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗൺ പിൻവലിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് ശേഷം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൊബൈൽ കടകൾ ഞായറാഴ്‌ചകളിലും വർക് ഷോപ്പുകളും സ്പെയർ പാർട്‌സ് കടകളും ഞായര്‍, വ്യാഴം ദിവസങ്ങളിലും തുറക്കും. നിയന്ത്രണങ്ങൾ സംബന്ധിച്ച വിദഗ്‌ധ സമിതി റിപ്പോർട്ട് കേന്ദ്രസർക്കാരിന് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗികളെ കടത്തിവിടുമെന്ന് കേന്ദ്രവും കർണാടകയും സമ്മതിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ചരക്കുനീക്കത്തിൽ ചെറിയ കുറവ് വന്നു. 1,745 ട്രക്കുകളാണ് തമിഴ്‌നാട്, കർണാടക അതിർത്തി കടന്നുവന്നത്. ഇതിൽ 43 എൽപിജി ടാങ്കറുകളും സിലിണ്ടറുകളുമുൾപ്പെടെ 65 ട്രക്കുകളുമുണ്ട്. സംസ്ഥാനത്തിന്‍റെ ഭക്ഷ്യ സ്റ്റോക്കിൽ പ്രശ്‌നമില്ല. സ്റ്റോക്ക് വർധിപ്പിക്കാൻ തീരുമാനിച്ചു. ലോക് ഡൗൺ കാലത്ത് കർഷകർക്ക് തങ്ങളുടെ ഉല്‍പന്നങ്ങൾ വിൽക്കാൻ ബുദ്ധിമുട്ടുണ്ട്. വിഷു, ഈസ്റ്റർ വിപണി സജീവമാകേണ്ട കാലമാണിത്. വിപണി കിട്ടാതിരിക്കുന്നത് കർഷകരെ ബാധിക്കും. അതുകൊണ്ട് കൃഷിവകുപ്പ് കർഷകവിപണി വഴി പച്ചക്കറി ശേഖരിക്കും. കർഷകർ ഇത് ഉപയോഗപ്പെടുത്തണം. പഴം, പച്ചക്കറി വ്യാപാരികൾ വിൽക്കുന്ന ഉല്‍പന്നങ്ങളിൽ പ്രാദേശികമായി ലഭ്യമാകുന്നത് കേരളത്തിൽ നിന്നുതന്നെ ശേഖരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം എംപി ഫണ്ട് നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണം. എംപി ഫണ്ട് നിർത്തലാക്കിയ നടപടി പ്രാദേശിക വികസനത്തെ ബാധിക്കും. അതിനാൽ ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത ഈ തീരുമാനം പിൻവലിക്കണം. കൊവിഡിനെ പ്രതിരോധിക്കാൻ സംസ്ഥാനങ്ങളിൽ എംപി ഫണ്ട് വിനിയോഗിക്കാൻ കേന്ദ്രം തീരുമാനമെടുക്കണം. വിഷു സമയത്ത് മണ്ണ് ശേഖരിക്കാറുള്ള മൺപാത്ര നിർമാണ തൊഴിലാളികൾക്ക് മണ്ണെടുക്കാൻ അനുമതി നൽകി. ലോക് ഡൗണിന്‍റെ മറവിൽ ഭാരത പുഴയിൽ നിന്നും മണൽ വാരുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്. നിയമവിരുദ്ധപ്രവർത്തനങ്ങള്‍ അനുവദിക്കില്ല. ഇതിനെതിരെ ശകതമായ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകി. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും അമിത വില ഈടാക്കലും തടയാൻ നടപടികൾ സ്വീകരിക്കും. അതിനായി 326 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 144 നടപടികൾക്കു ശുപാർശ ചെയ്തതായും അദ്ദേഹം അറിയിച്ചു.