തിരുവനന്തപുരം: കൊറോണ കാലത്ത് കാടിന്‍റെ മക്കൾക്ക് കൈത്താങ്ങാവുകയാണ് കോട്ടൂര്‍ അഗസ്‌ത്യവനം ബയോളജിക്കൽ പാർക്കിലെ വനപാലകർ. ലോക് ഡൗൺ പ്രഖ്യാപനത്തെ തുടര്‍ന്ന് വനാതിർത്തിയില്‍ പ്രവേശിക്കുന്ന മുഴുവൻ വാഹനങ്ങൾക്കും നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്തിക്കൊണ്ടായിരുന്നു ഇവരുടെ തുടക്കം. തുടർന്ന് മാങ്കോട്, കോട്ടൂർ തുടങ്ങിയ 11 ഊരുകളിലെയും ഇരുനൂറിലധികം വീടുകളുടെ മുമ്പിൽ കൈകഴുകൽ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും കൈ കഴുകൽ ശീലമാക്കാൻ പരിശീലിപ്പിക്കുകയും ചെയ്‌തു. ഒപ്പം സ്വയം സഹായ സംഘങ്ങൾ നിർമിച്ചു നൽകിയ മാസ്ക്കുകൾ വീടുകളിൽ വിതരണം ചെയ്‌തു. അവ ഉപയോഗിക്കുന്ന രീതിയും ആവശ്യകതയും ഓരോരുത്തരെയും പഠിപ്പിച്ചു.
ആവശ്യമായ ഭക്ഷ്യധാന്യകിറ്റുകൾ വീടുകളിലെത്തിച്ചു. അച്ചാറുകൾ നിർമിച്ച് സൗജന്യമായി നൽകി. വനിക പദ്ധതിപ്രകാരം ആദിവാസി ഊരുകളിൽ നിന്ന് ശേഖരിച്ച ഉല്‍പന്നങ്ങൾ ഉപയോഗിച്ച് മാങ്ങ, ഇഞ്ചി തുടങ്ങിയ അച്ചാറുകളാണ് ഇവർക്ക് നിർമിച്ച് നൽകിയത്. വരും നാളുകളിൽ ആരോഗ്യവകുപ്പുമായി ചേർന്ന് കൂടുതൽ കൊവിഡ് ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം.