തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഒന്‍പത് വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഏഴ് വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഏറ്റവും കൂടുതല്‍ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത് മലപ്പുറത്താണ്. അഞ്ചില്‍ നാല് വാര്‍ഡുകളില്‍ യുഡിഎഫ് വിജയമുറപ്പിച്ചപ്പോള്‍ മുണ്ടേരി ഗ്രാമപഞ്ചായത്തിലെ തട്ടിയോട് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. 724 വോട്ടുകള്‍ നേടി റീഷ്‌മ ബി പിയാണ് വിജയച്ചത്.
തുവ്വൂര്‍ ഗ്രാമപഞ്ചായത്തിലെ അക്കരപ്പുറം വാര്‍ഡ്, പെരിന്തല്‍മണ്ണ ബോക്ക് പഞ്ചായത്തിലെ ചെമ്മണിയോട് വാര്‍ഡ്, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ കാട്ടിലശ്ശേരി വാര്‍ഡ്, ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ കലക്കുന്ന് വാര്‍ഡ് എന്നിവിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. രാവിലെ 10 മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.
മലപ്പുറം ജില്ല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത് എറണാകുളം ജില്ലയിലാണ്. ഏഴിക്കര ഗ്രാമ പഞ്ചായത്തിലെ വടക്കുപുറം വാര്‍ഡ്, വടക്കേകര ഗ്രാമപഞ്ചായത്തിലെ മുറവന്‍തുരുത്ത് വാര്‍ഡ്, മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കൊക്കുന്ന്, പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 10 വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എല്ലാ വാര്‍ഡുകളിലും യുഡിഎഫ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.
കൊല്ലം ജില്ലയിലെ തെന്മല ഗ്രാമപഞ്ചായത്തിലെ ഒറ്റക്കല്‍ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അനുപമ വിജയിച്ചു. ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പുഞ്ചിരിച്ചിറ വാർഡില്‍ എൻഡിഎ സ്ഥാനാർഥി വിജയിച്ചു.
ആലപ്പുഴയിലെ തലവടി ഗ്രാമപഞ്ചായത്തിലെ കൊടമ്പനാടി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. കണ്ണൂര്‍ ധര്‍മ്മടം ഗ്രാമപഞ്ചായത്തിലെ പരീക്കടവ് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയമുറപ്പിച്ചു. തൃശൂര്‍ ജില്ലയിലെ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ താന്നിക്കുട് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മിഥുന്‍ തീയ്യത്തുപറമ്പില്‍ 827 വോട്ടുകള്‍ക്ക് വിജയിച്ചു.
കോഴിക്കോട് ജില്ലയിലെ വേളം ഗ്രാമപഞ്ചായത്തിലെ പാലോടിക്കുന്ന് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ പി സലീം 645 വോട്ടുകള്‍ക്ക് വിജയിച്ചു. പാലക്കാട് പുക്കോട്ടുകാവ് പഞ്ചായത്തിലെ താന്നിക്കുന്ന് വാര്‍ഡില്‍ പി മനോജ് 513 വോട്ടുകള്‍ക്ക് വിജയിച്ചു. കോട്ടയം ജില്ലയില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ മാവന്‍തുരുത്ത് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രേഷ്‌മ പ്രവീണ്‍ 2502 വോട്ടുകള്‍ നേടി വിജയിച്ചു.
പുതുപ്പള്ളി പ്രതീക്ഷയെന്ന് പ്രതിപക്ഷം: അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് പ്രവര്‍ത്തന സജ്ജമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാന നേതാക്കളെല്ലാം പ്രധാനപ്പെട്ട ചുമതലകള്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 14ന് പാമ്പാടിയില്‍ യുഡിഎഫ് കൺവെൻഷൻ നടക്കും.
കെ.സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ശനിയാഴ്‌ച രാവിലെ മുതല്‍ കോണ്‍ഗ്രസ് നേതാക്കൾ ഭവന സന്ദർശനം നടത്തും. തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരം ഉണ്ടെന്നും മണർകാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാള്‍ തെരഞ്ഞെടുപ്പിന്‍റെ സുഗമമായ പ്രവർത്തനങ്ങളെ ബാധിച്ചേക്കാമെന്നും അക്കാര്യങ്ങള്‍ തങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.
മാറ്റം വരുത്തുകയാണെങ്കില്‍ പോളിങ്, വോട്ടെണ്ണല്‍ ദിവസം മാത്രമെ മാറ്റിവയ്‌ക്കാന്‍ സാധ്യതയുള്ളൂവെന്നും ബാക്കിയുള്ള കാര്യങ്ങള്‍ നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ നല്ല ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മൻ വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.