തിരുവനന്തപുരം: മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഡിസംബർ 16ന് രാവിലെ 8 മണി മുതല്‍ ആരംഭിക്കും. ഫലം വൈകാതിരിക്കാൻ കൃത്യതയാർന്ന ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്ക്കരൻ അറിയിച്ചു.
സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഓരോ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ പുരോഗതി കമ്മിഷൻ സോഫ്റ്റ്‌വെയറിൽ തൽസമയം അപ്‌ലോഡ് ചെയ്യും. തിരുവനന്തപുരത്ത് 16 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. പിന്നീട് മറ്റു വോട്ടുകൾ എണ്ണി തുടങ്ങും. ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റി കോർപ്പറേഷൻ എന്നിവിടങ്ങളിലേത് അതത് സ്ഥാപനങ്ങളിലെ കേന്ദ്രത്തിലുമായിരിക്കും നടക്കുക.