തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ ഭരണ സമിതികൾ ഇന്ന് നിലവിൽ വരും. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10 മണിക്കും കോർപ്പറേഷനിൽ 11.30നുമാണ് സത്യപ്രതിജ്ഞ.
തെരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും മുതിർന്ന അംഗത്തിന് അതാത് പ്രദേശങ്ങളിലെ വരാണാധികാരികൾ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന് ആ അംഗം മറ്റുള്ളവർക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കോർപ്പറേഷനുകളിൽ ജില്ല കലക്ടറാണ് വരണാധികാരി. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ആദ്യ ഭരണ സമിതി യോഗവും ചേരും. കൊവിഡ് ബാധിതരും ക്വാറന്‍റൈനിൽ കഴിയുന്നവരോ ആയ അംഗങ്ങൾ പി.പി.ഇ കിറ്റ് ധരിച്ചു വേണം സത്യപ്രതിജ്ഞ ചടങ്ങിനെത്താൻ. വരുന്ന 28നാണ് കോർപ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലും അധ്യക്ഷൻമാരുടെയും ഉപാധ്യക്ഷൻമാരുടെയും തെരഞ്ഞെടുപ്പ്. പഞ്ചായത്തുകളിൽ അധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് 30നാണ്.