തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. നേരത്തെ വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ജില്ലാ കലക്‌ടറുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു. കരട് വോട്ടർ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഫെബ്രുവരി 14 വരെ നൽകാം. ഇതനുസരിച്ച് ലഭിക്കുന്ന ആക്ഷേപങ്ങൾ സംബന്ധിച്ച ഹിയറിങ് ഫെബ്രുവരി 25ന് പൂർത്തിയാക്കി 28ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
അതേസമയം കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്‌ടർ അറിയിപ്പ് നൽകിയിട്ടുണ്ട്. www.lsgelection.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി വോട്ടർപട്ടികയിൽ പേരുചേർക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന ഹിയറിങ് നോട്ടീസിൽ പറയുന്ന തീയതിയിൽ യഥാർഥ രേഖകൾ സഹിതം ഇ.ആർ.ഒയ്ക്ക് മുന്നിൽ ഹാജരാകണം. വില്ലേജുകളിലും പഞ്ചായത്ത് ഓഫീസുകളിലും നേരിട്ടെത്തിയും വോട്ടർ പട്ടിക പരിശോധിക്കാം.
941 ഗ്രാമപഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകൾ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 2020 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം. വോട്ടര്‍പട്ടികയില്‍ തിരുത്തലുകള്‍, സ്ഥാനമാറ്റം എന്നിവ ആഗ്രഹിക്കുന്നവര്‍ക്കും അവസരം ലഭിക്കും. അംഗീകൃത ദേശീയ പാര്‍ട്ടികള്‍ക്കും കേരള സംസ്ഥാന പാര്‍ട്ടികള്‍ക്കും നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പട്ടികയുടെ പകര്‍പ്പ് സൗജന്യമായി ലഭിക്കും. മറ്റുള്ളവര്‍ക്ക് നിശ്ചിത നിരക്കില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വോട്ടര്‍ പട്ടിക ലഭിക്കും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കാത്തതില്‍ പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മിഷനുമായി തര്‍ക്കത്തിലാണ്. കരട് പട്ടികക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.