തിരുവനന്തപുരം: മദ്യം വില്‍ക്കാനുള്ള ബിവറേജസ് കോര്‍പ്പറേഷന്‍റെ ആപ്പ് രണ്ടു ദിവസത്തിനുള്ളില്‍ തയ്യാറാകും. കൊച്ചി ആസ്ഥാനമായ ഫെയര്‍ കോഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ആപ്പ് തയ്യാറാക്കിയത്. ഇതിന്‍റെ ട്രയല്‍ നടന്നു കൊണ്ടിരിക്കുകയാണ്. സ്മാര്‍ട്ട് ഫോണിലൂടെ മദ്യം ബുക്ക് ചെയ്യാന്‍ കഴിയുന്ന ആപ്പിന് ഇനി ഗൂഗിള്‍ പ്ലേ സ്റ്റോറിന്‍റെ അനുമതി ലഭിക്കുന്ന നടപടിക്രമം മാത്രമാണ് ബാക്കിയുള്ളത്. അനുമതി ലഭിച്ചു കഴിഞ്ഞാല്‍ വ്യാഴാഴ്ച മുതല്‍ ആപ്പ് നിലവില്‍ വരുമെന്ന് കമ്പനി സി.ഇ.ഒ വിഷ്ണു എം.ജി.കെ ഇ.ടി.വി ഭാരതിനോടു പറഞ്ഞു.
സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകളുകളുടെയും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകളുടെയും ഡേറ്റ ആപ്പില്‍ നല്‍കി കഴിഞ്ഞു. ബാറുകളുടെ ഡേറ്റ ശേഖരം അന്തിമ ഘട്ടത്തിലാണ്. മദ്യം ആവശ്യമുള്ള ഉപഭോക്താവ് ആപ്പില്‍ പ്രവേശിച്ച് മദ്യം വേണ്ട സ്ഥലത്തിന്റെ പിന്‍ കോഡ് രേഖപ്പെടുത്തണം. അപ്പോള്‍ ഈ പിന്‍കോഡിനു കീഴില്‍ വരുന്ന പ്രദേശത്ത് ലഭ്യമായ ബെവ്‌കോ ഔട്ട് ലെറ്റുകള്‍, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകള്‍, ബാറുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ആപ്പില്‍ തെളിയും.
ഇതില്‍ നിന്ന് ഇഷ്ടമുള്ള ഔട്ട്‌ലെറ്റോ ബാറോ തെരഞ്ഞെടുക്കാം. ആപ്പില്‍ രേഖപ്പെടുത്തുന്ന സമയത്ത് ഔട്ട് ലെറ്റിലോ ബാറിലോ എത്തി പണമടച്ച് മദ്യം വാങ്ങാം. മദ്യം വാങ്ങുന്ന ആളിന് 21 വയസ് കഴിഞ്ഞിരിക്കണം എന്ന നിബന്ധനയുമുണ്ട്. ആപ്പിന് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. ഇത് നിശ്ചയിക്കാനുള്ള അധികാരം ബിവറേജസ് കോര്‍പ്പറേഷനു നല്‍കിയിരിക്കുകയാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി. സ്മാര്‍ട്ട് ഫോണില്ലാത്ത സാധാരണ മൊബൈല്‍ ഫോണിലുടെയും മദ്യം ബുക്കു ചെയ്യാനുള്ള സാങ്കേതിക വിദ്യ ലഭ്യമാക്കാനാണ് കമ്പനിയുടെ ശ്രമം.