തിരുവനന്തപുരം: തീപിടിത്തമുണ്ടായ സെക്രട്ടേറിയറ്റ് ജി.എ.ഡി പൊളിറ്റിക്കല്‍ വിഭാഗത്തില്‍ നിന്ന് ഫയലുകള്‍ ഒന്നും നീക്കരുതെന്ന് ചീഫ് സെക്രട്ടറിക്ക് കത്ത്. തീപിടിത്തം അന്വേഷിക്കുന്ന ദുരന്ത നിവാരണ കമ്മിഷണര്‍ എം.കൗശികനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നല്‍കിയത്. ജി.എ.ഡി പൊളിറ്റിക്കല്‍ വിഭാഗത്തില്‍ മുഴുവന്‍ സമയ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തണം. കത്തിയ ഫയലുകള്‍ നീക്കം ചെയ്യുന്നത് മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തണമെന്നും കത്തിയ നീക്കുന്നതിനു മുന്‍പ് സ്‌കാന്‍ ചെയ്ത് സൂക്ഷിക്കണമെന്നും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്ക് നല്‍കിയ കത്തില്‍ കൗശികന്‍ നിര്‍ദ്ദേശിച്ചു.
മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ബ്ലോക്കിനോട് ചേര്‍ന്നുള്ള നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലെ മൂന്നാം നിലയിലാണ് ജി.എ.ഡി പൊളിറ്റിക്കല്‍ വിഭാഗത്തിന്‍റെ ഓഫിസ്. അഞ്ച് കെട്ട് ഫയലുകളും ഉപകരണങ്ങളും കത്തിയെന്നാണ് പ്രാഥമിക നിഗമനം. നിര്‍ണായക പ്രാധാന്യമുള്ള ഫയലുകളാണ് ജി.എ.ഡി പൊളിറ്റിക്കല്‍ 2എ വിഭാഗത്തിലുള്ളത്. വി.ഐ.പി സന്ദര്‍ശനം, ഗസ്റ്റ് ഹൗസിലെ റൂം അനുവദിക്കല്‍, മന്ത്രിമാരുടെ ആതിഥേയച്ചെലവുകള്‍ എന്നിവ സംബന്ധിച്ച ഫയലുകളാണ് 2എ വിഭാഗത്തില്‍. 2ബി വിഭാഗത്തില്‍ സര്‍ക്കാരിന്‍റെ കോണ്‍ഫറന്‍സ് ഹാള്‍ അലോട്ട്‌മെന്‍റ്, സെന്‍സസ്, ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ തുടങ്ങിയ ഫയലുകളാണ്. പൊളിറ്റിക്കല്‍ 5 വിഭാഗത്തില്‍ മന്ത്രിമാരുടെ വിദേശയാത്ര വിവരങ്ങള്‍, കേരളത്തിലേയ്ക്കുള്ള വി.വി.ഐ.പി സന്ദര്‍ശനങ്ങള്‍, പ്രോട്ടോകോള്‍ സജ്ജീകരണങ്ങള്‍ എന്നിവ സംബന്ധിച്ച ഫയലുകളുമാണുള്ളത്. കൗശികന്‍റെ അന്വേഷണത്തിനൊപ്പം എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്.