തിരുവനന്തപുരം : വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയില്‍ പുള്ളിപ്പുലിയിറങ്ങി. ഇന്ന് ( ഡിസംബർ 26) പുലര്‍ച്ചെ 8.15 ഓടെ പൊന്മുടി പൊലീസ് സ്റ്റേഷന് സമീപമാണ് പുള്ളിപ്പുലിയെ കണ്ടത് (Leopard spotted at ponmudi). പൊലീസ് സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടി ചെയ്‌തിരുന്ന ഉദ്യോഗസ്ഥനാണ് ആദ്യം കണ്ടത്. തുടര്‍ന്ന് വനം വകുപ്പിനെ ഉടന്‍ വിവരം അറിയിക്കുകയായിരുന്നു.
വിതുര ഫോറസ്റ്റ് റെയ്ഞ്ചിന്‍റെ മേൽനോട്ടത്തിൽ പുള്ളിപ്പുലിക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പൊന്മുടിയില്‍ മുന്‍പും പുലിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെങ്കിലും ആർക്കുനേരെയും ആക്രമണമുണ്ടായിട്ടില്ല. പകല്‍ സമയങ്ങളിലൊന്നും ഇവിടെ സാധാരണയായി പുലിയെ കാണാറില്ലെന്ന് പൊന്മുടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജനവാസ മേഖലയ്ക്ക് സമീപത്ത് തിരച്ചില്‍ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരളത്തിലെ പ്രധാന വിനോദ സചാര കേന്ദ്രമായതുകൊണ്ട് ക്രിസ്‌മസ് ദിനമായ ഇന്നലെ സാധാരണയിലും സഞ്ചാരികളുടെ വലിയ തിരക്കായിരുന്നു. അവധിക്കാലമായതിനാൽ പുതുവര്‍ഷം വരെ സഞ്ചാരികളുടെ വലിയ തിരക്കാണ് ടൂറിസം വകുപ്പ് പൊന്മുടിയില്‍ പ്രതീക്ഷിക്കുന്നത്. ഇതിനിടെയാണ് പൊന്മുടി ഹില്‍ ടോപ്പിലേക്കുള്ള പ്രധാന പാതയ്ക്ക് സമീപത്തുതന്നെ പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട് ജില്ലയിൽ ഒരു പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തിരുവമ്പാടി ആനക്കാംപൊയിലിന് സമീപമുള്ള മുത്തപ്പൻ പുഴയിലാണ് പുലിയെ കണ്ടെത്തിയത്. നാല് വയസ് പ്രായമുള്ള പുള്ളിപ്പുലിയായിരുന്നു ഇത്. ഇവിടെ മുന്‍പും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു.
Also read :വയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയെ തൃശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു