തിരുവനന്തപുരം: മുട്ടത്തറയിലെ സ്വീവേജ് പ്ലാന്‍റില്‍ കാലുകള്‍ കണ്ടെടുത്ത സംഭവം ക്രൂരമായ കൊലപാതകമെന്ന് കണ്ടെത്തല്‍. തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ കനിഷ്‌കര്‍ എന്ന ഗുണ്ട നേതാവിനെ വെട്ടിക്കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ചതാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
മൊബൈല്‍ കേന്ദ്രീകരിച്ച് അന്വേഷണം: വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഓഗസ്റ്റ് 14നാണ് രണ്ട് കാലുകള്‍ തിരുവനന്തപുരം മുട്ടത്തറയിലെ സ്വീവേജ് പ്ലാന്‍റില്‍ നിന്നും കണ്ടെത്തിയത്. തുടക്കത്തില്‍ മെഡിക്കല്‍ വേസ്റ്റാണെന്നായിരുന്നു നിഗമനം.
എന്നാല്‍ വിശദമായ പരിശോധനയിലാണ് ശസ്‌ത്രക്രിയ ഉപകരണം ഉപയോഗിച്ചല്ല കാലുകള്‍ മുറിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വലിയതുറ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഗുണ്ട നേതാവിനെ കേരളത്തിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.
അതിനു ശേഷം കഷണങ്ങളാക്കി പല സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയാണ് പ്രതികള്‍ ചെയ്‌തിരിക്കുന്നത്. കനിഷ്‌കറുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഓഗസ്റ്റ് ആദ്യം ഇയാള്‍ തലസ്ഥാനത്തെത്തിയതായി കണ്ടെത്തി. എന്നാല്‍ പിന്നീട് ഇയാളെ പറ്റി വിവരം ഒന്നും ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് കൂടുതല്‍ പരിശോധന നടന്നത്.
വൈരാഗ്യത്തില്‍ കൊന്നു കഷണങ്ങളാക്കി: തുടരന്വേഷണത്തില്‍ മനു രമേഷ് എന്ന ഗുണ്ട നേതാവും കനിഷ്‌കറും തമ്മില്‍ സംഘര്‍ഷം നടന്നതായി കണ്ടെത്തി. മനു രമേഷിന്‍റെ അമ്മ കന്യാകുമാരി സ്വദേശിയാണ്. മനുവിന്‍റെ സഹോദരന്‍ ഒരു വര്‍ഷം മുന്‍പ് തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ പകപോക്കലാകാം കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം.
കൊലപാതകത്തിനു ശേഷം മൃതദേഹം വെട്ടി മുറിക്കുന്നതിനും ഉപേക്ഷിക്കുന്നതിനും സഹായിച്ചതിനാണ് ഷഹിന്‍ ഷായെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇറച്ചി കടയില്‍ ജോലി ചെയ്യുന്നയാളാണ് ഷഹിന്‍ഷാ. ഷഹീന്‍ ഷായുടെ വീട്ടില്‍ വച്ചാണ് മൃതദേഹം കഷണങ്ങളാക്കിയത്. ഫോറന്‍സിക് പരിശോധനയില്‍ ഇയാളുടെ വീട്ടില്‍ നിന്നും രക്തക്കറ കണ്ടെത്തിയട്ടുണ്ട്.
മുട്ടത്തറയിലും പെരുന്നെല്ലി പലത്തിന് സമീപവുംം പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ കൂടുതല്‍ ശരീര ഭാഗങ്ങല്‍ കണ്ടെത്തിയിട്ടുണ്ട്. ബാക്കി ശരീര ഭാഗങ്ങള്‍ക്കായി ശഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണര്‍ പൃഥ്വിരാജിന്‍റെ നേതൃത്വത്തില്‍ ആന്വേഷണം തുടരുകയാണ്. കൂടുതല്‍ പ്രതികളുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
തെളിവുകള്‍ ലഭിച്ചെങ്കിലും ഡിഎന്‍എ പരിശോധന നടത്തി കൊലചെയ്യപ്പെട്ടത് കനിഷ്‌കറാണെന്ന് ശാസ്ത്രീയമായി ഉറപ്പാക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.