തിരുവനന്തപുരം: എൻഎസ്എസ് നടത്തിയ നാമജപഘോഷ യാത്രയ്‌ക്കെതിരെ പൊലീസ് സ്വീകരിച്ച കേസ് പിൻവലിക്കാൻ നിയമോപദേശം (Withdraw The Case Against Namajapa ghosa Yatra). തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസിന് പബ്ലിക് പ്രോസിക്യൂട്ടറാണ് കേസ് പിൻവലിക്കാൻ നിയമോപദേശം നൽകിയത്.
നിയമലംഘനമോ, അക്രമമോ ഘോഷയാത്രയിൽ ഉണ്ടായിട്ടില്ല. നാമജമ ഘോഷയാത്ര കാരണം ബുദ്ധിമുട്ട് ഉണ്ടായതായി ആരും പരാതിപ്പെട്ടിട്ടില്ലെന്നും നിയമോപദേശമുണ്ട്. നാമജപ ഘോഷയാത്രയ്‌ക്ക് എതിരെയെടുത്ത കേസിന്‍റെ നടപടികൾ ഹൈക്കോടതി നേരത്തെ തന്നെ സ്‌റ്റേ ചെയ്‌തിരുന്നു. ഓഗസ്‌റ്റ് 16 നായിരുന്നു കേസിന്‍റെ പുനർനടപടികൾ ഹൈക്കോടതി നാലാഴ്‌ചത്തേക്ക് സ്‌റ്റേ ചെയ്‌തത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു നടപടി. കേസിൽ അന്തിമ തീരുമാനം നിയമോപദേശം തേടിയതിനുശേഷം സ്വീകരിക്കാനായിരുന്നു സർക്കാർ നിലപാട്.
നിയമോപദേശം ലഭിച്ചതോടെ കേസ് പിൻവലിക്കാനുള്ള നടപടികളിലേക്ക് പൊലീസ് ഇനി നീങ്ങിയേക്കും. നിയമവിരുദ്ധമായി സംഘം ചേരൽ, ഗതാഗത തടസ്സം സൃഷ്‌ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്തായിരുന്നു കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നത്.
ഓഗസ്‌റ്റ് രണ്ടിനായിരുന്നു മിത്ത് വിവാദത്തിൽ എ.എൻ ഷംസീറിനെതിരെ പ്രതിഷേധം ഉയർത്തി എൻഎസ്എസ്സിന്‍റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പാളയം മുതൽ കിഴക്കേക്കോട്ട ഗണപതി ക്ഷേത്രം വരെ എൻഎസ്എസ് നാമജപ ഘോഷയാത്ര നടത്തിയത്. വിശ്വാസ സംരക്ഷണ ദിനമായും എൻഎസ്എസ് ഈ ദിവസം ആചരിച്ചിരുന്നു.
എൻഎസ്എസ് നടത്തുന്ന നീക്കങ്ങളെ നേരിടാൻ സിപിഎം: സ്‌പീക്കർ എ.എന്‍ ഷംസീറിനെതിരെ എൻഎസ്‌എസ് നടത്തുന്ന നീക്കങ്ങളെ രാഷ്ട്രീയമായി നേരിടാൻ സിപിഎം. എഎന്‍ ഷംസീറിന്‍റെ പ്രസ്‌താവനയെ ചൊല്ലി അനാവശ്യ വിവാദം സൃഷ്‌ടിക്കാനാണ് എൻഎസ്‌എസ് ശ്രമിക്കുന്നതെന്ന് സിപിഎം നേതൃത്വം (CPM Defends AN Shamseer Controversial Statement On Ganapati).
സംഘപരിവാർ ഗൂഢാലോചനയിൽ എൻഎസ്‌എസ് വീണു എന്ന വിലയിരുത്തലിലാണ് പാർട്ടി. ഈ വിഷയത്തിൽ രാഷ്ട്രീയ പ്രതിരോധം തീർത്ത് മുന്നോട്ട് പോകാനാണ് തീരുമാനം. ശാസ്ത്രവും മിത്തുകളും സംബന്ധിച്ചാണ് സ്‌പീക്കർ സംസാരിച്ചിരുന്നത്. അതിൽ ഒരു മതത്തേയോ വിശ്വാസത്തെയോ അവഹേളിച്ചിട്ടില്ല. ശബരിമല വിഷയത്തിലേതുപോലെ വർഗീയ ധ്രുവീകരണത്തിനുള്ള ലക്ഷ്യമാണ് നടക്കുന്നതെന്നാണ് വിലയിരുത്തൽ.
അനാവശ്യ വിവാദം ഉയരുന്നു: എഎന്‍ ഷംസീറിന്‍റെ പ്രസ്‌താവനയെ ചൊല്ലി അനാവശ്യമായ വിവാദമാണ് ഉയരുന്നതെന്ന് സിപിഎം വ്യക്തമാക്കുന്നുണ്ട്. വിഷയം രാഷ്ട്രീയമായി നേരിടാമെന്നാണ് സിപിഎം ധാരണ. സ്‌പീക്കർക്കെതിരായി സംഘപരിവാര്‍ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ മതനിരപേക്ഷ കേരളം ശക്തമായി പ്രതിഷേധിക്കണമെന്ന് സിപിഎം നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു.
മിത്തുകളെ ശാസ്‌ത്രമായും ചരിത്രമായും കണ്ടുകൊണ്ട് നടത്തുന്ന പ്രചരണങ്ങള്‍ ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. അതിലൂടെ അശാസ്‌ത്രീയമായ ചിന്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇതിനെതിരെ വിവിധ തലങ്ങളില്‍ ശക്തമായ പ്രചരണങ്ങള്‍ നടന്നുവരുന്നുണ്ട്.
ശാസ്‌ത്രീയമായ കാഴ്‌ചപ്പാടുകള്‍ അവതരിപ്പിക്കുമ്പോള്‍ അതിനെപ്പോലും വര്‍ഗീയമായി ചിത്രീകരിക്കുന്ന രീതിയെ ശക്തമായി അപലപിക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നു. ഇതേ നിലപാടിൽ തന്നെ മുന്നോട്ടുപോകാനാണ് പാർട്ടിയുടെ തീരുമാനം.