തിരുവനന്തപുരം : ഇടതുമുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകിട്ട് 3 മണിക്ക് എകെജി സെന്‍ററിലാണ് യോഗം. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് യോഗം ചേരുന്നത്. മണിപ്പൂർ കലാപത്തിനും, ഏക സിവിൽ കോഡിനുമെതിരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയാണ് യോഗത്തിന്‍റെ പ്രധാന അജണ്ട.
അതേസമയം മുന്നണി യോഗം യഥാസമയം ചേരാത്തതിലും സിപിഎം ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നതിലും ഘടകക്ഷികൾക്ക് അതൃപ്‌തി നിലനിൽക്കുന്ന പശ്ചാത്തലിലാണ് ഇന്ന് യോഗം നടക്കുന്നത്. ഏക സിവിൽ കോഡ് വിഷയത്തിലെ സെമിനാറിൽ സിപിഎം ഏകപക്ഷീയമായി മുസ്ലിം ലീഗിനെ ക്ഷണിച്ചതിൽ കടുത്ത അതൃപ്‌തിയിലാണ് സിപിഐ. ഇക്കാര്യം മുന്നണി യോഗത്തിൽ അറിയിക്കാനാണ് സിപിഐ തീരുമാനം. സെമിനാറിൽ സിപിഐയുടെ മുതിർന്ന നേതാക്കൾ ആരും പങ്കെടുത്തിരുന്നില്ല.
എഐ കാമറ മുതൽ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ആരോപണങ്ങളിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് മുന്നണി യോഗത്തിൽ ചർച്ചയാകും. ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗത്തിന്‍റെ അജണ്ടയിലുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങൾ പറഞ്ഞവസാനിപ്പിക്കാനാണ് സിപിഎം നീക്കം.
എസ്എഫ്ഐ നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ്, ആൾമാറാട്ട കേസുകളും പ്രതിപക്ഷത്തെ നേതാക്കൾക്കെതിരായ കേസുകളും വൻ വിവാദമായിട്ടും എല്ലാവരും യോജിച്ചുള്ള ഒരു ചർച്ചയും എൽഡിഎഫിൽ നടന്നിട്ടില്ല. വിവാദങ്ങളിൽ സിപിഎം ഒറ്റയ്ക്ക് പ്രതിരോധിക്കുന്ന സ്ഥിതിയാണ് കണ്ടത്. മാധ്യമ പ്രവർത്തകർക്കെതിരായ കേസുകളിലും മാധ്യമങ്ങളോടുള്ള സമീപനത്തിലും എം വി ശ്രേയാംസ് കുമാർ പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം മുന്നണി യോഗത്തിൽ അവതരിപ്പിക്കാനുള്ള തീരുമാനത്തിലാണ് എൽജെഡി.
പാർട്ടി നേതൃയോഗങ്ങളിൽ പോലും പങ്കെടുക്കാതെ ഇടതു കൺവീനർ ഇ പി ജയരാജൻ മാറി നിൽക്കുന്നതും മുന്നണി യോഗം ചേരുന്നതിന് തടസമായിട്ടുണ്ട്. വിഷയങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യണമെന്ന് സാമാന്യ മര്യാദ പാലിക്കപ്പെടുന്നില്ലന്നും വിമർശനം ഉയരുന്നുണ്ട്. സർക്കാരിൻ്റെ രണ്ടാം വാർഷിക പ്രചാരണ പരിപാടികൾ തീരുമാനിക്കാൻ ഏപ്രിൽ അഞ്ചിനാണ് അവസാനം മുന്നണി യോഗം ചേർന്നത്. അതേസമയം ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാന്‍ ഇ പി ജയരാജനെത്തി.
ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷമാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇപി ജയരാജന്‍ പങ്കെടുക്കാനെത്തുന്നത്. വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം സ്ഥിരമായി സംസ്ഥാന കമ്മിറ്റിയുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്നും ഇ പി ജയരാജന്‍ മാറിനിന്നത് വലിയ ചര്‍ച്ചാവിഷയമായിരുന്നു.
ALSO READ : സിപിഎം-സിപിഐ പാർലമെന്‍റ് അംഗങ്ങൾ മണിപ്പൂരില്‍, സംഘത്തില്‍ ജോൺ ബ്രിട്ടാസും പി സന്തോഷ് കുമാറും