ഹൈദരാബാദ്: കേരളത്തിന്‍റെ 15ാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമ്പോൾ അടിതെറ്റിയ പ്രമുഖര്‍ നിരവധി. ഒറ്റയ്‌ക്ക് പൊരുതിയ പിസി. ജോർജിനെ പൂഞ്ഞാർ കൈവിട്ടതും മുന്നണി മാറിയിറങ്ങിയ ജോസ് കെ മാണിയുടെ പാലായിലെ തോൽവിയിലും ഇരട്ട മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച കെ.സുരേന്ദ്രന്‍റെ പരാജയവും കേരള ചരിത്രത്തിൽ ഇടം നേടുന്ന ജനവിധികളായി.
തോൽവി അറിഞ്ഞ എൽഡിഎഫ് നിരയിലെ പ്രമുഖർ
മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ തോല്‍വി ഇടതുമുന്നണിക്ക് കനത്ത പ്രഹരമായി. കുണ്ടറയിൽ കോണ്‍ഗ്രസിന്‍റെ പിസി വിഷ്‌ണുനാഥിനെതിരെയാണ് മേഴ്‌സിക്കുട്ടിയമ്മ തോറ്റത്. പരാജയപ്പെട്ട ഏക മന്ത്രിയും മേഴ്‌സിക്കുട്ടിയമ്മ ആണ്. അവസാന നാളിൽ എൽഡിഎഫ് മുന്നണിയിലെത്തിയ ജോസ് കെ മാണിയെ പാലാ പരാജയപ്പെടുത്തി. പാലയിലെ സിറ്റിങ് എംഎൽഎയും ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിൽ ഉടക്കി മുന്നണി വിടുകയും ചെയ്‌ത മാണി സി കാപ്പൻ 15,199 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വോട്ട് കച്ചവടത്തിലൂടെയാണ് കാപ്പന്‍റെ വിജയമെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്. രാജ്യസഭ എംപിയും എൽജെഡി നേതാവുമായ എം വി ശ്രേയാംസ് കുമാറും കൽപ്പറ്റയിൽ പരാജയം രുചിച്ചു. അഡ്വ.ടി.സിദ്ദിഖ് 5470 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. യുവ നേതാക്കളിൽ പ്രമുഖനായ എം സ്വരാജ് തൃപ്പൂണിത്തുറയിൽ കെ ബാബുവിനോട് പരാജയപ്പെട്ടു. നിയമസഭയിൽ സ്വരാജിന്‍റെ അഭാവം വിജയത്തിനിടയിലും സിപിഎമ്മിന് കനത്ത നഷ്‌ടമാവും.
മത്സരിച്ച എല്ലാവരും പരാജയപ്പെട്ട ബിജെപി
മത്സരിച്ച എല്ലാവരും തോറ്റ എൻഡിഎയിലെ പ്രമുഖരുടെ പട്ടികയ്‌ക്കാണ് നീളക്കൂടുതൽ. സൂപ്പർ താരം സുരേഷ് ഗോപി, മെട്രോമാൻ ശ്രീധരൻ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ തുടങ്ങി നിരവധി പ്രമുഖരാണ് പരാജയമറിഞ്ഞത്. ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി കൂട്ടത്തോൽവി ഏറ്റുവാങ്ങി. ബിജെപിയുടെ ഓരേയൊരു സിറ്റിങ് സീറ്റായ നേമത്ത് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിപിഎം സ്ഥാനാർഥി വി.ശിവൻകുട്ടിയാണ് നേമത്ത് ജയിച്ചത്. രണ്ട് മണ്ഡലങ്ങളിൽ നിന്ന് ജനവിധി നേടിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ അക്കൗണ്ടിലേക്ക് രണ്ട് തോൽവികൾ കൂടിയാണ് ഈ തെരഞ്ഞെടുപ്പ് സംഭാവന ചെയ്‌തത്. കോന്നിയിലും മഞ്ചേശ്വരത്തും സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങി.
മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് വാർത്തകളിൽ ഇടം നേടിയ മെട്രോമാൻ ഇ ശ്രീധരനാണ് ബിജെപി നിരയിൽ തോറ്റ ഏറ്റവും പ്രശസ്തൻ. തുടക്കത്തിൽ മുന്നിട്ട് നിന്നെങ്കിലും ഒടുവിൽ ശ്രീധരനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കോണ്‍ഗ്രസിന്‍റെ ഷാഫി പറമ്പിൽ വിജയിക്കുകയായിരുന്നു. ബിജെപിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനും തിരുവനന്തപുരം നഗരത്തിൽ നടൻ കൃഷ്‌ണ കുമാറും വട്ടിയൂർക്കാവിൽ വിവി രാജേഷും വലിയ പരാജയം ഏറ്റുവാങ്ങി. ചവറയിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ച സീരിയൽ താരം വിവേക് ഗോപനും ദയനീയമായി പരാജയപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം വീണ്ടും തൃശൂരിൽ നിന്ന് ജനവിധി തേടിയ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എൽഡിഎഫിന്‍റെ പി ബാലചന്ദ്രനാണ് തൃശൂരിൽ വിജയിച്ചത്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് മത്സരിച്ച മുൻ കേന്ദ്ര മന്ത്രി അൽഫോണ്‍സ് കണ്ണന്താനവും ഇരിഞ്ഞാലക്കുടയിൽ നിന്ന് ജനവിധി തേടിയ മുൻ ഡിജിപി ജേക്കബ് തോമസും പരാജയമറിഞ്ഞ ബിജെപി പ്രമുഖരാണ്.
ദയനീയം യുഡിഎഫ്
എൽഡിഎഫിനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ യുഡിഎഫിലെ തലമുതിർന്ന നേതാക്കളൊക്കെ സുരക്ഷിതരായി. പക്ഷെ കെ മുരളീധരനും പത്മജ വേണുഗോപാലും ഉൾപ്പെടെയുള്ള പ്രമുഖർ തോറ്റു. ബിജെപിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച് നേമത്ത് ഇറക്കിയ മുരളീധരന് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇത്തവണയും തൃശൂരിൽ നിന്ന് ജനവിധി തേടിയ പത്മജ വേണുഗോപാലിനെ ജനം വീണ്ടും കൈവിട്ടു. കോണ്‍ഗ്രസ് സ്ഥാനാർഥി നിരയിലെ സിനിമ താരമായ ധർമജൻ ബോൾഗാട്ടിയും പരാജയമറിഞ്ഞു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് 20223 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ധർമജനെ പരാജയപ്പെടുത്തിയത്.
അരൂരിലെ സിറ്റിങ് എംഎൽഎ ഷാനിമോൾ ഉസ്‌മാനെ 6154 വോട്ടുകൾക്കാണ് സിപിഎമ്മിന്‍റെ ദലീമ ജോജോ പരാജപ്പെടുത്തിയത്. കൊല്ലത്ത് ബിന്ദു കൃഷ്‌ണയും പരാജയം ഏറ്റുവാങ്ങി. പ്രായം കൊണ്ട് വാർത്തകളിൽ ഇടം നേടിയ കോണ്‍ഗ്രസിന്‍റെ കായംകുളം സ്ഥാനാർഥി അരിതാബാബുവിനും വിജയം കണ്ടെത്താനായില്ല. കെടി ജലീലിനെതിരെ കോണ്‍ഗ്രസ് ടിക്കറ്റിൽ തവനൂരിൽ മത്സരിച്ച സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലും പരാജയപ്പെട്ടു. കോണ്‍ഗ്രസിന്‍റെ യുവനിര എംഎൽഎമാരായ അനിൽ അക്കര, ശബരി നാഥൻ, വിടി ബൽറാം എന്നിവരും തോൽവി ഏറ്റുവാങ്ങി. വിഎസ് ശിവകുമാറും ഷിബു ബേബി ജോണും യുഡിഎഫ് നിരയിൽ തോല്‍വി നേരിട്ട പ്രമുഖരാണ്.