തിരുവനന്തപുരം: രണ്ടാം പ്രളയം നേരിടുന്നതിലും സര്‍ക്കാര്‍ തികഞ്ഞ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കണം. ആദ്യ പ്രളയത്തില്‍ അടിയന്തര സഹായം വിതരണം ചെയ്തതില്‍ ഇപ്പോഴും പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. ദുരിതാശ്വാസ വിതരണം തദ്ദേശഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ ഫലപ്രദമാകുമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതിന് തയ്യാറാകാതെ ദുരിതാശ്വാസ വിതരണം ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
ക്യാമ്പുകളില്‍ പോകാതെ ബന്ധുവീടുകളിലും മറ്റ് വീടുകളിലും അഭയം തേടിയവര്‍ക്കും അടിയന്തര സഹായം അനുവദിക്കണം. വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം ആറ് ലക്ഷമാക്കണം. ദുരിതാശ്വാസ വിതരണത്തിന് സമയക്രമം പ്രഖ്യാപിക്കണം. അടിക്കടിയുള്ള പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ശബരിമല വിശ്വാസികളെ വഞ്ചിച്ച സര്‍ക്കാരാണ് പിണറായിയുടേത്. അന്തസുണ്ടെങ്കില്‍ ശബരിമല വിഷയത്തില്‍ തെറ്റുപറ്റിയെന്ന് തുറന്ന് സമ്മതിക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.