തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. പാലാ, കുടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ചങ്ങനാശേരി, റാന്നി, ഇടുക്കി, പിറവം, കുറ്റ്യാടി, ഇരിക്കൂര്‍, തൊടുപുഴ, ചാലക്കുടി, പെമ്പാവൂര്‍ എന്നീ മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ് എം മത്സരിക്കും.
അതേസമയം കേരള കോണ്‍ഗ്രസിന് 13 സീറ്റുകള്‍ നല്‍കിയതില്‍ സിപിഐക്ക് കടുത്ത അതൃപ്‌തിയുണ്ട്. ഇതോടെ കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസിന് അഞ്ച് സീറ്റുകള്‍ ലഭിക്കും. സിപിഐ വൈക്കം സീറ്റില്‍ മാത്രമായി ഒതുങ്ങും. കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസിന് നല്‍കുമ്പോള്‍ പകരം ചങ്ങനാശേരി വേണമെന്ന സിപിഐയുടെ ആവശ്യം സിപിഎം തള്ളി. കണ്ണൂരിലും സിപിഐക്ക് സീറ്റില്ല. കഴിഞ്ഞ തവണ 27 സീറ്റുകളില്‍ മത്സരിച്ചിരുന്ന സിപിഐ ഇത്തവണ 25 സീറ്റുകളിലാണ് മത്സരിക്കുന്നത്. സിപിഐക്ക് രണ്ട് സീറ്റുകള്‍ നഷ്ടപ്പെടുമ്പോള്‍ സിപിഎമ്മിന് ഏഴ് സീറ്റുകളാണ് കുറയുന്നത്.
കഴിഞ്ഞ തവണ 92 സീറ്റുകളില്‍ മത്സരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ നാല് സീറ്റുകളില്‍ മത്സരിച്ചിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഒരു സീറ്റിലൊതുങ്ങേണ്ടി വന്നു. കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിന് ഇത്തവണ സീറ്റില്ല.
സിപിഎം-85, സിപിഐ-25, കേരള കോണ്‍ഗ്രസ്-13, ജെഡിഎസ്-4, എല്‍ജെഡി-3, എന്‍സിപി-3, ഐഎന്‍എല്‍-3, ജനാധിപത്യ കേരള കോണ്‍ഗ്രസ്-1, കേരള കോണ്‍ഗ്രസ് (ബി) -1,കോണ്‍ഗ്രസ് (എസ്)-1, ആര്‍എസ്‌പി ലെനിനിസ്റ്റ് - 1 എന്നിങ്ങനെയാണ് മുന്നണിയിലെ സീറ്റ് വിഭജനം.