തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി ഇന്ന് എൽ.ഡി.എഫ് പ്രതിഷേധം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാറിനെ അസ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം. പ്രതിഷേധത്തിൻ്റെ ഭാഗമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കനാണ് മുന്നണി തീരുമാനം. ലൈഫ് പദ്ധതിയില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് ഇടതുമുന്നണി പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് കടക്കുന്നത്.
രാവിലെ 10.30 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കുന്നത്. പ്രതിപക്ഷത്തിൻ്റെ അക്രമസമരങ്ങൾക്കെതിരെ കൂടിയാണ് പ്രതിഷേധം. പാളയം രക്തസാക്ഷിമണ്ഡപത്തിലെ പ്രതിഷേധം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ച് കൂട്ടായ്‌മ സംഘടിപ്പിക്കാനാണ് ഇടത് മുന്നണി നൽകിയിരിക്കുന്ന ആഹ്വാനം.