തിരുവനന്തപുരം: മന്ത്രിസ്ഥാനം വിഭജിക്കുന്നതിനായുള്ള ഇടതുമുന്നണിയുടെ യോഗം ഇന്ന്. രാവിലെ 11ന് എ.കെ.ജി സെന്‍ററിലാണ് യോഗം. ഘടകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ സി.പി.എം പൂര്‍ത്തിയാക്കി കഴിഞ്ഞു.
സി.പി.എമ്മിന് മുഖ്യമന്ത്രിയുള്‍പ്പെടെ 13 മന്ത്രിസ്ഥാനം ലഭിക്കും. സ്‌പീക്കര്‍ പദവിയും സി.പി.എമ്മിന് തന്നെയാകും. മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയായ സി.പി.ഐയ്ക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്‌പീക്കര്‍ പദവിയുമാകും ലഭിക്കുക. സി.പി.ഐയുടെ കൈവശമുള്ള ചീഫ് വിപ്പ് സ്ഥാനം വിട്ട് നല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ലഭിക്കും.
എൻ.സി.പി, ജെ.ഡി.എസ് എന്നിവര്‍ക്ക് ഒരോ മന്ത്രിസ്ഥാനം ലഭിക്കും. കേരളാ കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്‍, കോണ്‍ഗ്രസ് (എസ്) എന്നീ ഒറ്റ എം.എല്‍.എമാരുള്ള ഘടകക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന നിര്‍ദേശമാണ് സി.പി.എം മുന്നോട്ട് വച്ചിരിക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം ഇന്നത്തെ മുന്നണി യോഗത്തില്‍ തീരുമാനമാകും. വകുപ്പ് സംബന്ധിച്ചും അന്തിമ രൂപം ഇന്നുണ്ടാകും. രണ്ട് മന്ത്രിസ്ഥാനം എന്ന നിലപാടില്‍ കേരളകോണ്‍ഗ്രസ് (എം) ഉഭയകക്ഷി ചര്‍ച്ചയിൽ ഉറച്ചു നിന്നു. എന്നാല്‍ സി.പി.എം ഇത് അഗീകരിച്ചിട്ടില്ല.
കൂടുതൽ വായനക്ക്: സിപിഎം, സിപിഐ മന്ത്രിമാരെ ചൊവ്വാഴ്‌ച അറിയാം