തിരുവനന്തപുരം : എല്‍ഡിഎഫ് യോഗം ഇന്ന് (26.07.22) ചേരും. വൈകുന്നേരം മൂന്നരയ്ക്ക് എകെജി സെന്‍ററിലാണ് യോഗം. കേന്ദ്രവിരുദ്ധ സമരങ്ങളാണ് നേതൃയോഗത്തിന്‍റെ പ്രധാന അജണ്ട. നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്‌ടി ഉയര്‍ത്തിയതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് എല്‍ഡിഎഫ് തീരുമാനം. ഈ സമരം എങ്ങനെ വേണമെന്നത് ഇന്നത്തെ നേതൃയോഗം ചര്‍ച്ച ചെയ്യും. കേരളത്തിന്‍റെ വായ്‌പാപരിധി കുറച്ചതിലും പ്രതിഷേധം സംഘടിപ്പിക്കും.
കേന്ദ്രസര്‍ക്കാരിനെതിരെ ജനകീയ വിഷയങ്ങളില്‍ പ്രതിഷേധമുയര്‍ത്തി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപി പ്രചാരണങ്ങളെ പ്രതിരോധിക്കുകയാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. മറ്റ് വിവാദ വിഷയങ്ങളും ഇന്നത്തെ യോഗത്തില്‍ ഉന്നയിക്കപ്പെടാനുള്ള സാധ്യതയുണ്ട്.
കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ ഇടതുമുന്നണിയിലെ അസംതൃപ്‌തരെ യുഡിഎഫില്‍ എത്തിക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇക്കാര്യം ഇന്നത്തെ യോഗത്തില്‍ പരാമര്‍ശിക്കപ്പെടാം. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ പ്രതിപക്ഷ വിമര്‍ശനം, മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ പൊലീസ് കേസ് തുടങ്ങിയ വിഷയങ്ങളും ഇന്നത്തെ യോഗം പരിഗണിക്കും.