തിരുവനന്തപുരം: ചൊവ്വാഴ്‌ച ചേരാനിരുന്ന എൽഡിഎഫ് യോഗം മാറ്റിവച്ചു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് ചേരാനിരുന്ന എൽഡിഎഫ് യോഗം മാറ്റിയത്. പുതിയ തിയതി പിന്നീട് നിശ്ചയിക്കും. തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. നിയമസഭ സമ്മേളനം മാറ്റിവയ്ക്കുകയും എൽഡിഎഫ് യോഗം ചേരുകയും ചെയ്താൽ ഉണ്ടാകുന്ന രാഷ്ട്രീയ വിവാദങ്ങൾ മുന്നിൽ കണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് മുന്നണി നേതൃത്വം എത്തിയത്.
സ്വർണക്കള്ളക്കടത്ത് വിവാദത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇടതുമുന്നണി യോഗം ചേരാൻ തീരുമാനിച്ചത്. വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉയര്‍ന്നതില്‍ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരിട്ട് ആശയവിനിമയം നടത്തിയിരുന്നു. മുന്നണിയുടെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്ന വിവാദങ്ങളിൽ ഘടകകക്ഷികളിൽ പലർക്കും എതിർപ്പുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നണിയോഗം ചേരാന്‍ തീരുമാനിച്ചത്. വിവാദങ്ങൾ ചർച്ച ചെയ്യുകയും അതിന് പരിഹാരം കാണുകയുമായിരുന്നു മുന്നണി യോഗത്തിൻ്റെ ലക്ഷ്യം. എന്നാൽ, കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തിൽ വർധിച്ച സാഹചര്യത്തിലാണ് യോഗം മാറ്റിവച്ചത്.