തിരുവവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇടതുമുന്നണി യോഗം വിളിച്ചു. സ്വപ്‌നയുര്‍ത്തിയ ആരോപണങ്ങള്‍ക്കതിരായി സര്‍ക്കാരും സിപിഎമ്മും തുടങ്ങിയ നടപടികള്‍ക്ക് മുന്നണിയുടെ പിന്തുണ ഉറപ്പാക്കുകയാണ് യോഗത്തിന്‍റെ ലക്ഷ്യം. ചൊവ്വാഴ്‌ച വൈകുന്നേരം 3.30നാണ് നിര്‍ണായക യോഗം.
നിലവിലെ വിവാദങ്ങളില്‍ മുന്നണിക്കുള്ളില്‍ അതൃപ്‌തിയുണ്ടെങ്കിലും ആരും പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്. അതിനെ രാഷ്‌ട്രീയമായി നേരിടാനുള്ള തീരുമാനങ്ങള്‍ മുന്നണിയോഗത്തിലുണ്ടാകും.
കേസില്‍ മുഖ്യമന്ത്രിക്കും, കുടുംബത്തിനും നേരിട്ട് ബന്ധമുണ്ടെന്ന ആരോപണമാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ചിരിക്കുന്നത്. ഇത് അടിസ്ഥാന രഹിതമാണെന്നും, ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമുള്ള നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഈ പ്രചാരണം ഉയര്‍ത്തി വിമര്‍ശനങ്ങളെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളും പാര്‍ട്ടി തുടങ്ങിയിട്ടുണ്ട്.
സ്വപ്‌നയ്ക്കും പി സി.ജോര്‍ജിനുമെതിരെ കേസെടുത്തത് ഇതിന്‍റെ ഭാഗമാണ്. ചൊവ്വാഴ്‌ച ചേരുന്ന മുന്നണിയോഗം തൃക്കാക്കര തെരഞ്ഞെടുപ്പ് പരാജയവും പരിശോധിക്കും. കെ റെയില്‍ ഉള്‍പ്പടെ വികസനം ചര്‍ച്ചയായിട്ടും തെരഞ്ഞെടുപ്പില്‍ തോറ്റതിനെതിരെ സിപിഐ വിമര്‍ശനം ഉന്നയിച്ചിരുന്നു.