തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ അംഗീകാരം. ലിറ്ററിന് ഒരു പൈസ വര്‍ധിപ്പിക്കാനാണ് തീരുമാനമായത്. അതേസമയം വില വര്‍ധനയില്‍ നിന്നും ബിപിഎല്ലുകാരെ ഒഴിവാക്കിയിട്ടുണ്ട്.
വാട്ടര്‍ അതോറിറ്റിക്ക് നിലവില്‍ 2391.89 കോടി രൂപ കടമുണ്ട്. കെഎസ്‌ഇബി മാത്രം 1139.64 കോടി രൂപ വാട്ടര്‍ അതോറിറ്റിക്ക് നല്‍നുമുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കൃത്യമായി ആനുകൂല്യങ്ങള്‍ നല്‍കാനാകുന്നില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍ എല്‍ഡിഎഫ് കമ്മിറ്റിയെ അറിയിച്ചിരുന്നു. ഇത് പരിശോധിച്ചതിന് ശേഷമാണ് വിലവര്‍ധനക്കായുള്ള ശുപാര്‍ശ യോഗം അംഗീകരിച്ചത്.
യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍: ജിഎസ്‌ടി നിലവില്‍ വന്നതോടെ സംസ്ഥാനത്തിന്‍റെ നികുതി പിരിവില്‍ വലിയ ഇടിവാണ് സംഭവിച്ചതെന്നും ഇത് എല്ലാ മേഖലയെയും ബാധിച്ചിട്ടുണ്ടെന്നും യോഗം വിലയിരുത്തി. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ കൊടുക്കാനും എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായി. താലൂക്ക് ആശുപത്രികളെ നഴ്‌സിങ് സ്‌കൂളുകളായി ഉയര്‍ത്തുക, വാര്‍ അതോറിറ്റിക്കും ഇറിഗേഷന്‍ വകുപ്പിനും കീഴിലുള്ള നദി തടാകങ്ങളിലെ മണല്‍ സാമ്പത്തിക സ്രോതസുകളായി ഉപയോഗപ്പെടുത്തുക, വയോജനങ്ങള്‍ക്കായി സംവിധാനങ്ങള്‍ ഒരുക്കുക, ഗ്രന്ഥശാലകളെയും വായനശാലകളെയും വിപുലീകരിക്കുക, തെരഞ്ഞെടുപ്പ് സമയത്തെ പ്രകടന പത്രികയില്‍ കൂടുതല്‍ കാര്യക്ഷമവും സമയബന്ധിതവുമായി നടപ്പിലാക്കാന്‍ എല്ലാ വകുപ്പുകളെയും സജ്ജമാക്കുക എന്നീ തീരുമാനങ്ങളും ഇന്നു ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചു.
എല്ലാം 'നല്ലതിന്': ഉന്നതവിദ്യാഭ്യാസ മേഖലക്ക് ഗുണകരമെങ്കില്‍ സ്വകാര്യ നിക്ഷേപം സ്വീകാര്യമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ അറിയിച്ചു. സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നതിനെ തടയാന്‍ കഴിയില്ല. ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഗുണം ചെയ്യുന്നുവെങ്കില്‍ സ്വകാര്യ മേഖല വരുന്നതില്‍ തെറ്റില്ലെന്നും ഇത് പരിശോധിച്ചതിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് പല സമരങ്ങളും ഇതിനെതിരായി നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധിച്ച് മുന്നോട്ട്: ഭൂമി പരന്നതെന്നായിരുന്നു ആദ്യം വിശ്വസിച്ചിരുന്നത്. പിന്നീട് കാലക്രമേണ അത് അങ്ങനെയല്ലെന്ന് തിരിച്ചറിഞ്ഞു. അതിനാല്‍ കാലോചിതമായി മാറുകയാണ് ചെയ്യേണ്ടതെന്നും തെറ്റ് എപ്പോഴും തെറ്റും ശരി എപ്പോഴും ശരിയും ആയിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പി.ജയരാജന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ഉന്നയിച്ച ആരോപണം മാധ്യമസൃഷ്‌ടിയാണെന്നായിരുന്നു ഇപി ജയരാജന്‍റെ മറുപടി.