തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ 14 വാര്‍ഡുകളില്‍ എല്‍ഡിഎഫിന് നേട്ടം. 28 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എട്ട് വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ നാല് വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളും രണ്ട് വാര്‍ഡുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളും ജയിച്ചു.
ഏറ്റവും കൂടുതല്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടന്നത് കോട്ടയം, മലപ്പുറം ജില്ലകളിലാണ്. ഇരു ജില്ലകളിലും മൂന്ന് വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കോട്ടയം ജില്ലയിലെ വയല ടൗണ്‍ വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും പൂവക്കുളം വാര്‍ഡില്‍ എല്‍ഡിഎഫും ഒഴക്കനാട് വാര്‍ഡില്‍ യുഡിഎഫും വിജയിച്ചു. മലപ്പുറത്ത് യുഡിഎഫിനാണ് നേട്ടം.
മലപ്പുറത്തെ കുന്നുംപുറം വാര്‍ഡിലും കൊടാലികുണ്ട് വാര്‍ഡിലും യുഡിഎഫ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. അഴകത്തുകളം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ജയിച്ചു. പത്തനംതിട്ടയിലെ കല്ലൂപ്പാറ പഞ്ചായത്തിലെ അമ്പാട്ടുഭാഗം വാര്‍ഡിലും ആലപ്പുഴയിലെ തണ്ണീര്‍മുക്കം പഞ്ചായത്തിലെ തണ്ണീര്‍മുക്കം വാര്‍ഡിലുമാണ് എന്‍ഡിഎ വിജയിച്ചത്.
സംസ്ഥാന വ്യാപകമായി എല്‍ഡിഎഫിന്‍റെ ആറ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ കൂടി പിന്തുണ പരിഗണിക്കുമ്പോള്‍ യുഡിഎഫ് ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തിയതായി കാണാം. സംസ്ഥാന വ്യാപകമായി 11 സീറ്റുകളിലാണ് സ്വതന്ത്രര്‍ കൂടി ഉള്‍പ്പെട്ട യുഡിഎഫ് മുന്നണിയുടെ ലീഡ്.
തെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളുടെ കണക്കില്‍ ആറ് സീറ്റുകളില്‍ മാത്രം മുന്നിലായിരുന്ന യുഡിഎഫ് ഇത്തവണ 11 സീറ്റുകളാണ് നേടിയത്. യുഡിഎഫിന് ഉജ്ജ്വല വിജയം നൽകിയ ജനാധിപത്യ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നുവെന്ന് വിജയത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രസ്‌താവനയിലൂടെ പ്രതികരിച്ചു. അതേസമയം പത്തനംതിട്ടയിലെ കല്ലൂപ്പാറ പഞ്ചായത്തിലെ അമ്പാട്ടുഭാഗം വാര്‍ഡില്‍ എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റ് എന്‍ഡിഎ പിടിച്ചെടുത്തു.