തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽ.ഡി.എഫ് സീറ്റ് വിഭജന ചർച്ചകൾ ഇന്നും തുടരും. ഘടകകക്ഷി നേതാക്കളുമായുള്ള സി.പി.എം ചർച്ചയിൽ സീറ്റുകൾ സംബന്ധിച്ച് ഏകദേശ ധാരണയായി. അതേസമയം ഇന്നലെ തുടങ്ങിയ സി.പി.എം-സി.പി.ഐ ഉഭയകക്ഷി ചർച്ചയിൽ ചങ്ങനാശ്ശേരി സീറ്റിനെ ചൊല്ലിയാണ് തർക്കം നിലനിൽക്കുന്നത്.
കാഞ്ഞിരപ്പള്ളി വിട്ടു നൽകുമ്പോൾ പകരം ചങ്ങനാശ്ശേരി സീറ്റ് വേണമെന്നാണ് സി.പി.ഐയുടെ ആവശ്യം. ഇതേ സീറ്റിൽ അവകാശവാദമുന്നയിച്ച് ജോസ് കെ. മാണിയുടെ ജനാധിപത്യ കേരള കോൺഗ്രസ് രംഗത്തുണ്ട്. എൽ.ജെ.ഡി, ജെ.ഡി.എസ് കക്ഷികൾക്ക് നാല് സീറ്റ് വീതം നൽകാനാണ് നിലവിലെ ധാരണ. വടകര, കൽപ്പറ്റ, കൂത്തുപറമ്പ് സീറ്റുകൾ എൽ.ജെ.ഡിക്കാണ്. നാലാമത്തെ സീറ്റ് തെക്കൻ കേരളത്തിൽ വേണമെന്ന് ഇന്നലത്തെ ചർച്ചയിൽ എൽ.ജെ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവല്ല, ചിറ്റൂർ, അങ്കമാലി സീറ്റുകളാണ് ജെ.ഡി.എസിന് ലഭിക്കുക.
അതേസമയം, കോൺഗ്രസിൽ സീറ്റ് ചർച്ചകളുമായി ബന്ധപ്പെട്ട് ഇന്ന് നിർണായക തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നടക്കും. ഘടകകക്ഷികൾക്ക് നൽകേണ്ട സീറ്റുകൾ സംബന്ധിച്ചും സ്ഥാനാർഥി നിർണയം സംബന്ധിച്ചും തീരുമാനമുണ്ടാകും.