തിരുവനന്തപുരം: അന്തരിച്ച കോങ്ങാട് എംഎൽഎ കെവി വിജയദാസിന് ആദരാഞ്ജലിയർപ്പിച്ച് നിയമസഭ. മികച്ച സാമാജികനും കർഷക നേതാവുമായിരുന്നു വിജയദാസ് എന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. സാധാരണക്കാരനായി ജീവിതം ആരംഭിച്ച് ഉപകാരപ്രദമായ സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ നേതൃനിരയിൽ എത്തിയ അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ നഷ്ടമായത് ഒരു മുന്നണിപ്പോരാളി ആണെന്നും സ്പീക്കർ പറഞ്ഞു.
ജനങ്ങളിൽ ഒരാളായി എല്ലാവരുടെയും മുന്നിൽ നിൽക്കുന്ന നേതാവായിരുന്നു വിജയദാസെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർഷക പ്രസ്ഥാനത്തിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് വിയോഗം എന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യ സ്നേഹിയായ പൊതുപ്രവർത്തകനായിരുന്നു വിജയദാസ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എംഎൽഎക്ക് അനുശോചനം അറിയിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
തലയിൽ രക്തസ്രാവത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന എംഎൽഎ തിങ്കളാഴ്ച വൈകിട്ടാണ് മരിച്ചത്. കൊവിഡ് പോസീറ്റിവായതിനെ തുടർന്ന് ഡിസംബർ 11-ാണ് എം.എൽ.എയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കൊവിഡ് മുക്തി നേടിയെങ്കിലും പക്ഷാഘാതം, ശ്വാസകോശ രോഗം എന്നിവ ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും ഇതേ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.