തിരുവനന്തപുരം: മലയോര ഹൈവേ വികസനത്തിന്‍റെ മറവിൽ ലക്ഷങ്ങളുടെ മരം കൊള്ളയെന്നാരോപണം. ഒരു കോടിയോളം വില വരുന്ന മരങ്ങൾ ലേലം ചെയ്തു നൽകിയത് വെറും കാൽ ലക്ഷത്തിന്. മലയോര ഹൈവേയുടെ പാറശ്ശാല മുതൽ കുടപ്പനമൂട് വരെയുള്ള ഒന്നാം റീച്ചിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് റോഡരികിലുള്ള മരങ്ങൾ ലേലം ചെയ്തതിലാണ് ക്രമക്കേട് ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ആഞ്ഞിലികളടക്കമുള്ള 98 മരങ്ങൾ 26 ലക്ഷത്തി നാൽപതിനായിരം രൂപയ്ക്കാണ് ലേലം ചെയ്തു നൽകിയത്. 150 ഇഞ്ച് ചുറ്റളവുള്ള ഇരുപത്തിയഞ്ചോളം ആഞ്ഞിലി മരങ്ങൾ ഉൾപ്പെട്ട ഈ 98 മരങ്ങൾക്ക് വനംവകുപ്പ് വിലയിട്ടു നൽകിയതാകട്ടെ 20 ലക്ഷത്തി 33,000 രൂപ മാത്രം .
പത്രപരസ്യങ്ങൾ ഉൾപ്പെടെ പൂർണമായും ഒഴിവാക്കി
20 ലക്ഷത്തി 79000 രൂപക്ക് ലേലം ഉറപ്പിച്ചപ്പോൾ നികുതിയടക്കം സർക്കാർ ഖജനാവിൽ ലഭിക്കുന്നതാകട്ടെ 26 ലക്ഷത്തി നാൽപതിനായിരം രൂപ മാത്രമെന്നും, ലേലം ചെയ്തു നൽകിയ അഞ്ചു മരങ്ങൾ വിറ്റാൽ കിട്ടുന്ന തുക മാത്രമാണിതെന്നാണ് ഉയരുന്ന ആരോപണം . റോഡ് പണിയുന്ന നിർമാണ കമ്പനിയുടെ തമിഴ്നാട്ടിലെ താൽക്കാലിക ഓഫീസിൽ വച്ച് കഴിഞ്ഞ 14നായിരുന്നു അധികൃതരുടെ നേതൃത്വത്തിലുള്ള മര ലേലം നടന്നത്.
പത്രപരസ്യങ്ങൾ ഉൾപ്പെടെ പൂർണമായും ഒഴിവാക്കി. മഴക്കാലവും, ലോക്ക് ഡൗണും ആയിരിക്കുന്ന സാഹചര്യത്തിൽ മരങ്ങളിൽ മാത്രം ഇത്തരം പരസ്യങ്ങൾ നൽകിയതിന്‍റെ ഔചിത്യം മനസ്സിലായില്ല എന്ന് മാത്രമല്ല മരങ്ങളിൽ ഒന്നും തന്നെ ലേല നോട്ടീസ് പതിച്ചത് കണ്ടെത്താനും ആയിട്ടില്ല .
പുനർലേലം നടത്തണമെന്നാവശ്യം
ഒരു കോടിയിലധികം വിലവരുന്ന മരങ്ങളെ തുച്ഛമായ വിലയിട്ടു നൽകിയതിലൂടെ , മുട്ടൂർ മരം മുറി വിവാദത്തിന് സമാനമായി ഇവിടെയും വനം വകുപ്പിന്‍റെ വിശ്വാസ്യതയെ തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഒരു കോടിയിലധികം രൂപ വിലവരുന്ന മരങ്ങളുടെ പുനർമൂല്യനിർണയം നടത്തി , പുനർലേലം നടത്താൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.