തിരുവനന്തപുരം: പത്മനാഭ സ്വാമിക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ക്ഷേത്ര ജീവനക്കാരനെതിരെ കേസ്. ക്ഷേത്രത്തിലെ സുരക്ഷ ജീവനക്കാരനായ വിഷ്‌ണുവിനെതിരെയാണ് പൊലീസ് കേസെടുത്തത്. വ്യാഴാഴ്‌ച പുലര്‍ച്ചെ നാല് മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം.
ക്ഷേത്രത്തിന്‍റെ വടക്കേ നട വഴിയിലൂടെ ദര്‍ശനത്തിയപ്പോഴാണ് സുരക്ഷ ജീവനക്കാര്‍ തന്നോട് മോശമായി പെരുമാറിയതെന്ന് യുവതി പരാതിയില്‍ പറഞ്ഞു. അതേസമയം ദർശനത്തിന് വടക്കേ നടവഴിയിലൂടെ കടത്തി വിടാത്തതിനെ ചൊല്ലി വാക്ക് തര്‍ക്കം മാത്രമാണുണ്ടായതെന്നും താന്‍ മോശമായി പെരുമാറിയിട്ടില്ലെന്നും സുരക്ഷ ജീവനക്കാരനായ വിഷ്‌ണു പറഞ്ഞു.
യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതിന് ശേഷമാകും തുടര്‍ നടപടിയിലേക്ക് നീങ്ങുക. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മാത്രമെ സംഭവത്തില്‍ വ്യക്തത വരുത്താനാകൂവെന്നും പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് പെരുകുന്ന അതിക്രമങ്ങള്‍: കേരളത്തില്‍ അടുത്തിടെ നിരവധി അതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നിരവധി കേസുകളാണ് ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പൊതുയിടങ്ങളില്‍ പോലും ഇത്തരം സംഭവങ്ങളുണ്ടാകുന്നുണ്ട്. അതിനുദാഹരണമാണ് കൊച്ചിയില്‍ കെഎസ്‌ആര്‍ടിസി ബസില്‍ യുവതിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമം.
കെഎസ്ആർടിസി ബസില്‍ യുവതിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം: കൊച്ചിയില്‍ കെഎസ്ആർടിസി ബസില്‍ യുവതിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം. യുവതിയുടെ പരാതിയില്‍ മലപ്പുറം സ്വദേശി മുസമ്മില്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊച്ചി ഇൻഫോപാർക്കിലെ ജീവനക്കാരിയാണ് പരാതി നല്‍കിയത്.
എറണാകുളം-തൊടുപുഴ കെഎസ്ആർടിസി ബസ് മൂവാറ്റുപുഴ എത്തിയപ്പോഴാണ് അതിക്രമം നടന്നത്. പരാതിക്കാരിയെ കയറിപ്പിടിച്ച പ്രതിയെ കണ്ടക്‌ടറും യാത്രക്കാരും ചേർന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
സ്വകാര്യ ബസിലെ നഗ്നത പ്രദര്‍ശനം: കണ്ണൂരില്‍ അടുത്തിടെ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സ്വകാര്യ ബസിലാണ് യുവതിക്ക് നേരെ മധ്യവയസ്‌കന്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചത്. മെയ് 28നായിരുന്നു സംഭവം.
ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസില്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്നും ഭയന്ന് പോയെന്നും യുവതി പറഞ്ഞു. സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു.
എറണാകുളത്തും സമാന സംഭവം: ഏതാനും ദിവസം മുമ്പാണ് എറണാകുളത്ത് നിന്നുള്ള സമാനമായൊരു വാര്‍ത്ത പുറത്ത് വന്നത്. കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്‌ത യുവനടിക്ക് നേരെ സഹയാത്രികന്‍ നഗ്നത പ്രദര്‍ശനം നടത്തുകയും യുവതിയെ സ്‌പര്‍ശിച്ച് സ്വയംഭോഗം ചെയ്യുകയും ചെയ്‌തു. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ സവാദ് എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് ഷൂട്ടിങിനായി പോയപ്പോള്‍ അങ്കമാലിയില്‍ വച്ചാണ് ഇയാള്‍ ബസില്‍ കയറിയത്. യുവതിയുടെ അടുത്ത് വന്നിരുന്ന യുവാവ് ദേഹത്ത് സ്‌പര്‍ശിക്കുകയും തുടര്‍ന്ന് നഗ്നത പ്രദര്‍ശനം നടത്തുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുവതി ഇയാള്‍ അറിയാതെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യുകയുമായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ബസ് ജീവനക്കാര്‍ ഇടപെട്ട് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു.