തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്കായി ദിവസേന കേരളത്തിന്‍റെ തലസ്ഥാനത്ത് എത്തുന്നത് ആയിരങ്ങളാണ്. പക്ഷേ സ്‌മാർട്ട് സിറ്റി ആകാൻ തയ്യാറെടുക്കുന്ന തിരുവനന്തപുരം നഗരത്തില്‍ ശൗചാനയങ്ങളുടെ അഭാവം സ്ത്രീകൾ അടക്കമുള്ള യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്. കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റോപ്പിനോട് ചേർന്നുണ്ടായിരുന്ന പൊതു ശൗചാലയം പൂട്ടിയിട്ട് മാസങ്ങളായി. ചാല മാർക്കറ്റിനു സമീപം പത്മനാഭ തിയേറ്ററിന് സമീപമുണ്ടായിരുന്ന പൊതുശൗചാലയത്തിന് പൂട്ട് വീണിട്ട് വർഷമൊന്നായി. ദൂരയാത്രക്കാരായ സ്‌ത്രീകളുടെയും വയോധികരുടെയും ശൗചാലയം തേടിയുള്ള പരക്കംപാച്ചിൽ കിഴക്കേക്കോട്ടയിലെ പതിവ് കാഴ്‌ചയാണ്. ചാല മാർക്കറ്റിനുള്ളിൽ പൊതുശൗചാലയം ഉണ്ടെങ്കിലും അത് കണ്ടെത്താൻ പക്ഷേ തിരക്ക് പിടിച്ച മാർക്കറ്റിൽ കയറിയിറങ്ങി നടക്കേണ്ടി വരും. ബേക്കറി ജംഗ്‌ക്ഷനിൽ സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച ഹൈടെക് ബസ് സ്‌റ്റോപ്പിനോട് ചേർന്നുള്ള ശൗചാലയങ്ങൾ ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. നിലവിൽ പുത്തരിക്കണ്ടം മൈതാനത്തോടു ചേർന്ന് സ്‌മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി തുറന്നുകൊടുത്ത പൊതു ശൗചാലയം മാത്രമാണ് ജനങ്ങൾക്ക് ഉപകാരപ്രദമായുള്ളത്. ഇവിടെ നാപ്‌കിൻ വെൻഡിങ് മെഷീൻ സജ്ജമാക്കിയിട്ടുണ്ടെങ്കിലും നാപ്‌കിൻ കിട്ടാറില്ല. ഇവിടെ മദ്യകുപ്പികൾ അടക്കമുള്ളവ ഉപേക്ഷിക്കുന്നതും പതിവാണ്.
നഗരത്തില്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിരുന്ന ഷീ ടോയ്‌ലറ്റുകളില്‍ പലതും പ്രവർത്തനരഹിതമാണ്. കഴിഞ്ഞ വർഷം കോർപ്പറേഷൻ നിർമ്മിച്ചത് എട്ടു പുതിയ പൊതുശൗചാലയങ്ങൾ മാത്രമാണ്. 46 പൊതു ശൗചാലയങ്ങളാണ് കോർപ്പറേഷന്‍റെ അധീനതയിലുള്ളത്. പക്ഷേ ഇതിൽ പലതും ഇന്ന് പ്രവർത്തിക്കുന്നില്ല. നഗരസഭാ പരിധിയിൽ വിവിധ ഇടങ്ങളിലായി ഒൻപത് കമ്യൂണിറ്റി ടോയ്‌ലറ്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും വൃത്തിയുള്ളതും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും ഉപയോഗിക്കാൻ തരത്തിലുള്ളത് നാമമാത്രമാണ്.
പൊതു ശൗചാലയത്തിന് കുറഞ്ഞത് 1.5 ചതുരശ്ര മീറ്റർ വിസ്‌തീർണം ഉണ്ടാകണമെന്നാണ് മാർഗ നിർദേശം. ഒപ്പം ഭിന്നശേഷിക്കാർക്ക് പ്രവേശിക്കത്തക്ക തരത്തിൽ വാതിലിന് ഒരു മീറ്ററിൽ കുറയാത്ത വീതിയുണ്ടാകുകയും വേണം. പുതിയതായി നിർമിക്കുന്ന ശൗചാലയങ്ങളിൽ ഈ മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നാണ് നഗരസഭാ എൻജിനീയറിംഗ് വിഭാഗം വ്യക്തമാക്കുന്നത്. സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കൂടുതൽ പൊതു ശൗചാലയങ്ങൾ മെച്ചപ്പെട്ട സൗകര്യങ്ങളോടെ നിർമ്മിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് തലസ്ഥാന നഗരം.