തിരുവനന്തപുരം: വട്ടിയൂർക്കാവിലെ സ്ഥാനാർഥിയായി ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തന്റെ പേരാണ് നിർദ്ദേശിച്ചിരുന്നതെന്നും എന്നാൽ ദേശീയ നേതൃത്വം എന്തുകൊണ്ടാണ് പരിഗണിക്കാത്തതെന്ന് അറിയില്ലെന്നും കുമ്മനം രാജശേഖരൻ. സംഘടനയുടെ ഏതു തീരുമാനവും അച്ചടക്കത്തോടെ സ്വീകരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം പരിഗണിച്ചാകും തന്നെ മത്സരിപ്പിക്കാത്തതെന്ന് കരുതുന്നില്ല. കേന്ദ്രനേതൃത്വം മറ്റ് മാനദണ്ഡങ്ങൾ കൂടി പരിശോധിച്ചിട്ടുണ്ടാകാമെന്നും കുമ്മനം പറഞ്ഞു. സുരേഷിന്റെ വിജയത്തിനായി ആത്മാർഥമായി പ്രവർത്തിക്കും. അഞ്ച് മണ്ഡലങ്ങളിലും പ്രചരണത്തിന് എത്തുമെന്നും കുമ്മനം വ്യക്തമാക്കി. ബിജെപി സ്ഥാനാർഥിപ്പട്ടിക ഔദ്യോഗികമായി പുറത്തിറക്കിയ ശേഷം പ്രതികരിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ.
കുമ്മനം മത്സരിക്കാത്തത് അണികൾക്കിടയിൽ ആശയക്കുഴപ്പവും ഉണ്ടാക്കില്ലെന്ന് വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥി എസ് സുരേഷ് പറഞ്ഞു. സമുന്നതനായ കുമ്മനം സ്ഥാനാർഥിയായി വരണമെന്നാണ് ജില്ലാ പ്രസിഡന്‍റ് എന്ന നിലയിൽ താൻ ആഗ്രഹിച്ചത്. മണ്ഡലത്തിലെ പല ഘടകങ്ങളും മറ്റ് മാനദണ്ഡങ്ങളും കണക്കാക്കിയാണ് തന്നെ സ്ഥാനാർഥിയാക്കിയതെന്നും എസ് സുരേഷ് പ്രതികരിച്ചു.
പുതിയ തലമുറയെ മുൻനിരയിലേക്ക് കൊണ്ടുവരികയാണ് സുരേഷിന്‍റെ സ്ഥാനാർഥിത്വത്തിലെ മാനദണ്ഡമെന്നും മത്സരിക്കുന്നതിൽ കുമ്മനത്തിനുള്ള വിമുഖതയും കേന്ദ്രം പരിഗണിച്ചിട്ടുണ്ടാകാമെന്നും വട്ടിയൂർകാവിന്‍റെ ചുമതലയുള്ള ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പ്രതികരിച്ചു.