തിരുവനന്തപുരം: ഇടതുപക്ഷ സർക്കാരിന് തുടർഭരണത്തിന് വഴിയൊരുക്കിയ അഭിമാന പദ്ധതിയായ വിശപ്പ് രഹിത കേരളം (Hunger Free Kerala) പദ്ധതിയുടെ നടത്തിപ്പുകാർ പട്ടിണി സമരവുമായി സെക്രട്ടേറിയറ്റിന് മുൻപിൽ. 20 രൂപയ്ക്ക് ഊണ് നൽകുന്ന മലപ്പുറം ജില്ലയിലെ ജനകീയ ഹോട്ടലിലെ വനിതകളാണ് ഒരു വർഷത്തോളമായി മുടങ്ങി കിടക്കുന്ന സബ്‌സിഡി തുകയ്ക്കായി സമരത്തിനിറങ്ങിയിരിക്കുന്നത് (Kudumbasree workers protest for pending subsidy for Janakeeya hotel).
ഊണിന് സർക്കാർ അനുവദിച്ചിരുന്ന 10 രൂപ സബ്‌സിഡി ഒരു വർഷത്തോളം ലഭിക്കാത്തതിനാൽ ലക്ഷക്കണക്കിന് രൂപയാണ് ജനകീയ ഹോട്ടൽ നടത്തുന്ന കുടുംബശ്രീ തൊഴിലാളികൾക്ക് (Kudumbasree workers) കുടിശ്ശികയായുള്ളത്. മലപ്പുറം ജില്ലയ്‌ക്ക് മാത്രം ആറ് കോടി രൂപയാണ് നൽകാനുള്ളതെന്നാണ് ഇവർ പറയുന്നത്. ആധാരം പണയം വച്ചും കടക്കാരോട് അവധി പറഞ്ഞുമാണ് താത്കാലിക ആശ്വാസം കണ്ടെത്തുന്നത്. ദുരിതം ഇനിയും തുടർന്നാൽ ആത്മഹത്യ ചെയ്യണ്ടേ അവസ്ഥയിലാണെന്നും ഈ തൊഴിലാളികൾ പറയുന്നു.
സർക്കാരിന്‍റെ സബ്‌സിഡി വാഗ്‌ദാനത്തിൽ പ്രതീക്ഷയർപ്പിച്ച് തൊഴിലുറപ്പ് പണി ഉപേക്ഷിച്ച് ജനകീയ ഹോട്ടൽ നടത്തുന്ന മഞ്ചേരി സ്വദേശി നബീസയ്ക്കിന്ന് വിശപ്പകറ്റിയ വകയിൽ ബാധ്യതയായുള്ളത് 6 ലക്ഷം രൂപ. 20 രൂപ ഊണിന് ലഭിക്കേണ്ട 10 രൂപ സബ്‌സിഡി കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ മുടങ്ങിയതാണ് ഇവരെ ലക്ഷങ്ങളുടെ കടക്കാരാക്കിയത്. പുതിയ ഉത്തരവ് പ്രകാരം ഊണിന് 30 രൂപയാക്കിയപ്പോൾ കച്ചവടവും കുറഞ്ഞു.
ഹോട്ടൽ നടത്താനുള്ള വൈദ്യുതിയും കെട്ടിട വാടകയും പഞ്ചായത്തുകൾ വഴിയും അരി ജില്ല മിഷൻ വഴി 10 രൂപ നിരക്കിലുമാണ് ജനകീയ ഹോട്ടലുകൾക്ക് നൽകുക. പച്ചക്കറികൾക്ക് പൊള്ളുന്ന വിലയുള്ള കാലത്തും ഗ്യാസ് സിലിണ്ടറിന്‍റെ വില ഉയരുമ്പോഴും ഇവർക്ക് സഹായമായത് സർക്കാർ നൽകിയിരുന്ന സബ് സിഡിയാണ്. ഇത് മുടങ്ങിയതാണ് ഇവരെ ലക്ഷങ്ങളുടെ കടക്കെണിയിലാക്കിയത്.
ബാധ്യത താങ്ങാനാവാതെ ഹോട്ടൽ അടച്ചിട്ടാൽ കടക്കാർ വീട്ടിലെത്തും. വിധവകളും വീട്ടമ്മമാരുമടക്കം നിരവധി കുടുംബശ്രീ തൊഴിലാളികൾ ഇതോടെ വീട്ടുകാരുടെയും കരടാവുകയാണ്. പലരും ആത്മഹത്യയുടെ വക്കിലാണ്. മലപ്പുറം ജില്ലയിൽ മാത്രം 6 കോടി രൂപയാണ് കുടിശ്ശികയായി ഉള്ളത്. നാട്ടിലെ എംഎൽഎമാർക്കും ബന്ധപ്പെട്ട ഓഫിസുകളിലും നിവേദനങ്ങൾ നൽകിയിട്ടും സമരം നടത്തിയിട്ടും പ്രതീക്ഷ ഇല്ലാതെയായതോടെയാണ് തിരുവനന്തപുരത്തേക്ക് വന്നത്. ധനമന്ത്രിക്ക് നേരിട്ട് കൊടുത്ത നിവേദനമെങ്കിലും പരിഗണിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.