തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പാളയത്തെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ പൊലീസ് നടത്തിയ റെയ്‌ഡിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അജ്മല്‍, അമല്‍ മുഹമ്മദ്, ശംഭു, വിഘ്‌നേഷ്, ആര്‍.സുനില്‍ എന്നിവരെയാണ് ഡിസിപി ആര്‍.ആദിത്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്‍റെ നേതൃത്വത്തില്‍ കോളജിലേക്ക് പ്രകടനമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിക്കുകയും കോളജിനുള്ളില്‍ നിന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കല്ലെറിയുകയുമായിരുന്നു. അക്രമത്തില്‍ അഭിജിതിന് പട്ടിക കൊണ്ട് തലയ്ക്കടിയേറ്റു. തുടര്‍ന്ന് അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഭിജിത്തിന്‍റെ നേതൃത്വത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ കോളജിന് മുന്നിലെ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇവര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രേമേശ് ചെന്നിത്തലയും എത്തിയിരുന്നു.
അക്രമികളെ പിടികൂടുമെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണര്‍ ഹര്‍ഷിത അട്ടല്ലൂരി അറിയിച്ചതോടെയാണ് പ്രതിപക്ഷ നേതാവ് പ്രതിഷേധം അവസാനിപ്പിച്ചത്. യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ന് ഉച്ചയോടെ ഡിസിപിയുടെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലില്‍ പൊലീസ് റെയ്‌ഡ് നടത്തിയത്.