തിരുവനന്തപുരം : കെഎസ്‌ആർടിസിയിലെ ശമ്പളം, പെൻഷൻ വിഷയങ്ങളിൽ സംയുക്തമായി പണിമുടക്ക് നടത്തുമെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്‍റ് ജി കെ അജിത്. വിഷയത്തിൽ ഇന്ന് കെ എസ് ടി പണിമുടക്ക് പ്രഖ്യാപിക്കുമെന്നായിരുന്നു യൂണിയൻ മുൻപ് അറിയിച്ചിരുന്നത്. അതേസമയം ഇതേ ആവശ്യങ്ങൾ മറ്റ് ട്രേഡ് യൂണിയനുകളും മുന്നോട്ട് വെച്ചിരുന്നു.
അതിനാൽ മറ്റു യൂണിയനുകളുമായി കൂടി ചർച്ച നടത്തിയതിന് ശേഷം മാത്രമേ പണിമുടക്ക് തീയതി പ്രഖ്യാപിക്കുകയുള്ളൂവെന്നും സംയുക്തമായി പണിമുടക്ക് നടത്താൻ സി ഐ ടി യു ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകൾ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അജിത് പറഞ്ഞു. കെഎസ്‌ആർടിസിയിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിന് പുറമെ പെൻഷൻ നിഷേധിക്കുന്നുവെന്ന ആരോപണത്തിലും കെഎസ്‌ടി പ്രതിഷേധം ഉയർത്തുകയാണ്. കെഎസ്‌ആർടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകളുമായി യോഗം നടന്നതിന് ശേഷം സമാന പ്രശ്‌നങ്ങളിൽ പ്രതിഷേധം ഉയർത്തുന്ന സംഘടനകളുമായി സഹകരിച്ച് പണിമുടക്ക് പ്രഖ്യാപിക്കാനാണ് കെ എസ് ടി ആലോചിക്കുന്നത്.
Also Read: ആന്‍റണി രാജു വാഗ്‌ദാനം പാലിക്കുന്നില്ലെന്ന് ആനത്തലവട്ടം ആനന്ദന്‍ ; ടിക്കറ്റ് വിറ്റ് കിട്ടുന്നത് മഞ്ചാടിക്കുരുവോയെന്ന് എംഡിയോട് ചോദ്യവും
എൻ പി എസ് പെൻഷൻ വന്നതോടെ കെഎസ്‌ആർടിസി നിലവിൽ പെൻഷൻ തുക അടയ്‌ക്കുന്നില്ല. കെഎസ്‌ആർടിസിയുടെ വസ്‌തുക്കൾ വിൽക്കുക, 1682 ബസുകൾ സ്‌ക്രാപ്പ് ചെയ്യുമ്പോൾ പുതിയ ബസുകൾ വാങ്ങാതിരിക്കുക എന്നീ വിഷയങ്ങളാണ് പ്രധാനമായും കെ എസ് ടി ഉന്നയിക്കുന്നത്. അതേസമയം ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനം കെഎസ്‌ആർടിസി നടപ്പിലാക്കി തുടങ്ങി.
ഫെബ്രുവരി മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു മാർച്ച് അഞ്ചിന് തന്നെ വിതരണം ചെയ്‌തിരുന്നു. മൊത്തം ശമ്പളത്തിന്‍റെ 50 ശതമാനമാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്‌തത്. കെഎസ്‌ആർടിസിക്ക് ധനവകുപ്പ് ജനുവരിയിൽ നൽകിയ സർക്കാർ വിഹിതമായ 50 കോടിയിൽ നിന്നും 30 കോടി ചിലവാക്കിയാണ് ശമ്പളത്തിന്‍റെ ആദ്യ ഗഡു വിതരണം ചെയ്‌തത്.
അതേസമയം ശമ്പളത്തെ ഗഡുക്കളായി നൽകുന്നതിന് എതിരെ സി ഐ ടി യു ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായി ആദ്യം തന്നെ എതിർത്തിരുന്നു. വിഷയത്തിൽ സിഐടിയു ചീഫ് ഓഫിസ് ഉപരോധം അടക്കമുള്ള പ്രതിഷേധവും നടത്തിയിരുന്നു. മന്ത്രി സംഘടന നേതാക്കളുമായി ചേർന്ന യോഗത്തിന് മുൻപ് തന്നെ ശമ്പളം വിതരണം ചെയ്‌തത് വലിയ വിമർശനമാണ് ട്രേഡ് യൂണിയനുകൾക്കിടയിൽ ഉണ്ടാക്കിയത്.
ഗതാഗത മന്ത്രിക്കും കെഎസ്‌ആർടിസി എംഡി ബിജു പ്രഭാകറിനുമെതിരെ സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദനും രൂക്ഷവിമർശനം ഉന്നയിരിച്ചിരുന്നു. മാനേജ്‌മെന്‍റ് ജീവനക്കാർക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുന്നുവെന്നാണ് ആനത്തലവട്ടം ആനന്ദൻ ആരോപിച്ചത്.
Also Read: കെഎസ്‌ആര്‍ടിസിയില്‍ ശമ്പള കുടിശികയില്ല; നിര്‍ബന്ധിത വിആര്‍എസ് നയമല്ലെന്നും മന്ത്രി ആന്‍റണി രാജു