തിരുവനന്തപുരം : ശബരിമല മീനമാസ പൂജയോടനുബന്ധിച്ച് അധിക സർവീസുകളുമായി കെഎസ്ആർടിസി. മാർച്ച് 14 മുതൽ 19 വരെ നടക്കുന്ന മീനമാസ പൂജ പ്രമാണിച്ച് ഭക്തർക്ക് യാത്രാസൗകര്യമൊരുക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയതായി മാനേജ്മെന്‍റ് വ്യക്തമാക്കി. ഇതിനായി കെഎസ്ആർടിസിയുടെ വിവിധ യൂണിറ്റുകളിൽ നിന്ന് സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ ബസുകളും ഏർപ്പെടുത്തിയതായി കെഎസ്ആർടിസി മാനേജ്മെന്‍റ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം :തീർഥാടകർക്ക് പമ്പയിലേക്കുള്ള ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും കെ എസ് ആർ ടി സി ഒരുക്കിയിട്ടുണ്ട്. അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടാൽ അടുത്ത യൂണിറ്റുകളിൽ നിന്നും സർവീസുകൾ ക്രമീകരിക്കുവാനുമുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കൽ - പമ്പ ചെയിൻ സർവീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് അധിക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മീനമാസ പൂജകൾക്കായി നാളെ (14/03/2023) വൈകിട്ട് 5 മണിക്ക് ശബരിമല നട തുറക്കും. 19ന് രാത്രി 10 ന് നട അടയ്ക്കും.
അതേസമയം കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്മെന്‍റ് തീരുമാനത്തിനെതിരെ തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധം തുടരുകയാണ്. ജീവനക്കാരുടെ പെൻഷൻ തുക കൃത്യമായി അടയ്ക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി അനുകൂല തൊഴിലാളി സംഘടനയായ കെ എസ് ടി എംപ്ലോയീസ് സംഘ് രംഗത്തെത്തിയിട്ടുണ്ട്. എൻ പി എസ് (NPS) പെൻഷൻ വന്നതോടെ കെഎസ്‌ആർടിസി നിലവിൽ ജീവനക്കാരുടെ പെൻഷൻ തുക അടയ്‌ക്കുന്നില്ല.
കെഎസ്‌ആർടിസിയുടെ വസ്‌തുവകകൾ വിൽക്കുക, 1682 ബസുകൾ പൊളിക്കുമ്പോൾ പുതിയ ബസുകൾ വാങ്ങാതിരിക്കുക എന്നീ വിഷയങ്ങളാണ് പ്രധാനമായും കെ എസ് ടി ഉന്നയിക്കുന്ന ആരോപണങ്ങൾ. ഈ വിഷയങ്ങളിൽ പ്രതിഷേധിച്ച് പണിമുടക്ക് നടത്തുമെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്‍റ് ജി കെ അജിത് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കെഎസ്‌ആർടിസിയിലെ മറ്റ് യൂണിയനുകളുമായി ചർച്ച നടത്തിയതിന് ശേഷം മാത്രമേ പണിമുടക്ക് തീയതി പ്രഖ്യാപിക്കുകയുള്ളൂ. സംയുക്തമായി പണിമുടക്ക് നടത്താൻ സി ഐ ടി യു ഉൾപ്പടെയുള്ള ട്രേഡ് യൂണിയനുകൾ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അജിത് വ്യക്‌തമാക്കി.
ഗഡുക്കളായി ശമ്പളം നൽകാനുള്ള തീരുമാനത്തിൽ കടുത്ത അതൃപ്‌തിയിലാണ് ഭരണപക്ഷ സംഘടനയായ സിഐടിയുവും പ്രതിപക്ഷ സംഘടനയായ ടിഡിഎഫും. അതിനാൽ സംയുക്ത സമരത്തിനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. അതേസമയം തൊഴിലാളി സംഘടനകളുടെ എതിർപ്പ് വകവയ്ക്കാതെ മാനേജ്മെന്‍റ് ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനം നടപ്പാക്കി കഴിഞ്ഞു. കഴിഞ്ഞ മാസത്തെ ശമ്പളത്തിന്‍റെ അൻപത് ശതമാനമാണ് മാർച്ച് 5ന് നൽകിയത്.
മാനേജ്മെന്‍റ് തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് ഗതാഗത മന്ത്രി ആന്‍റണി രാജുവും രംഗത്തെത്തിയിരുന്നു. ശമ്പളത്തിന്‍റെ അൻപത് ശതമാനം നേരത്തെ ലഭിക്കുന്നത് ജീവനക്കാർക്ക് ഉപകാരപ്രദമാകുമെന്നാണ് മന്ത്രിയുടെ പ്രതികരണം. ജീവനക്കാർ ആരും ഇതിനെതിരെ പരാതി നൽകിയിട്ടില്ല. തൊഴിലാളി സംഘടനകൾക്ക് മാത്രമാണ് ഇതിൽ അതൃപ്‌തിയെന്നും ആന്‍റണി രാജു പ്രതികരിച്ചിരുന്നു.