തിരുവനന്തപുരം: ഇന്‍റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ടിന്‍റെ അന്താരാഷ്ട്ര പുരസ്‌കാരം കെഎസ്‌ആർടിസിക്ക്. സ്പെയിനിലെ ബാഴ്‌സലോണയിൽ നടന്ന യുഐടിപി പൊതു ഗതാഗത ഉച്ചകോടിയിൽ വെച്ച് കെഎസ്ആർടിസിക്കുള്ള പ്രത്യേക പുരസ്‌കാരം കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ഏറ്റുവാങ്ങി. യുഐടിപിയുടെ വിദഗ്‌ധ സമിതിയാണ് പുരസ്‌കാരത്തിനായി കെഎസ്ആർടിസിയെ പരിഗണിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി കെഎസ്ആർടിസിയിൽ നടക്കുന്ന പുനഃക്രമീകരണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരത്തിന്‍റെ ഫലമായാണ് പുരസ്‌കാരം. ജൂൺ നാല് മുതൽ ഏഴ് വരെയാണ് ഉച്ചകോടി നടക്കുന്നത്. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന് പുറമെ ജൂൺ അഞ്ചിന് നടന്ന ചടങ്ങിൽ ജപ്പാനിൽ നിന്നുള്ള ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി, ചൈനയിൽ നിന്നുള്ള ബെയ്‌ജിങ് പബ്ലിക് ട്രാൻസ്‌പോർട് കോർപറേഷൻ, ഇന്തോനേഷ്യയുടെ തലസ്ഥാന ജക്കാർത്തയിൽ നിന്നുള്ള മാസ് റാപിഡ് ട്രാൻസിറ്റ് എന്നീ സ്ഥാപനങ്ങളും പുരസ്‌കാരങ്ങൾ സ്വീകരിച്ചു.
ഇത്തരത്തിലുള്ള പുരസ്‌കാരങ്ങൾ കെഎസ്ആർടിസിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുമെന്ന് അവാർഡ് ഏറ്റുവാങ്ങിയ ശേഷം എംഡി ബിജു പ്രഭാകർ പറഞ്ഞു. 'അന്താരാഷ്ട്ര പൊതുഗതാഗത സംവിധാനങ്ങളെ ഒരേ കുടക്കീഴിൽ ഏകോപിപ്പിക്കുന്നതിൽ പങ്ക് വഹിക്കുന്ന യുഐടിപി ഏർപ്പെടുത്തുന്ന പ്രധാന പുരസ്‌കാരം അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കൊപ്പം കെഎസ്‌ആർടിസിക്ക് വേണ്ടി ഏറ്റുവാങ്ങുന്നതിൽ അതിയായ സന്തോഷമുണ്ട്' ബിജു പ്രഭാകര്‍ പറഞ്ഞു. ജൂൺ ആറിന് നടന്ന പ്രസ്‌തുത ചടങ്ങിൽ ബസ് ഫ്ലീറ്റ് നവീകരണത്തിലെ ഊർജ പരിവർത്തന തന്ത്രങ്ങൾ എന്ന വിഷയത്തിലെ ചർച്ചയിൽ പാനലിസ്റ്റായും സ്‌പീക്കറായും ക്ഷണിക്കപ്പെട്ട അദ്ദേഹം ഇന്ത്യയിലെ ഊർജ പരിവർത്തന സാധ്യതകളെക്കുറിച്ചും സംസാരിച്ചു.
തിരുവനന്തപുരം നഗരത്തിലേക്ക് കൂടുതൽ ഇലക്ട്രിക് ബസുകൾ : സിറ്റി സർക്കുലർ സർവീസുകൾക്കായി തലസ്ഥാനത്തേക്ക് പുതിയ ഇലക്ട്രിക് ബസുകൾ എത്തിതുടങ്ങി. സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന 113 ബസുകളിൽ ആദ്യത്തെ നാലെണ്ണമാണ് നഗരത്തിൽ എത്തിച്ചത്. ആനയറയിലെ സ്വിഫ്റ്റിന്‍റെ ആസ്ഥാനത്താണ് ബസുകൾ എത്തിച്ചിരിക്കുന്നത്.
നഗര പ്രദേശങ്ങളിലെ ഉപയോഗത്തിന് അനുയോജ്യമായ ഒമ്പത് മീറ്റർ നീളമുള്ള ബസുകൾ ആണ് എത്തിച്ചിരിക്കുന്നത്. നിലവിൽ 50 ഇലക്ട്രിക് ബസുകളാണ് തിരുവനന്തപുരത്ത് സിറ്റി സർക്കുലർ സർവീസ് നടത്തുന്നത്. പുതുതായി എത്തിച്ച ഇലക്ട്രിക് ബസുകളിൽ 60 എണ്ണം ഐഷർ കമ്പനിയുടെതും ബാക്കി 53 ബസുകൾ പിഎംഐ ഫോട്ടോണിന്‍റെതുമാണ്. 113 ബസുകളും ജൂലായ് അവസാനത്തോടെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് അധികൃതർ പറയുന്നത്.
ALSO READ : കെഎസ്‌ആർടിസി സിറ്റി സർക്കുലർ; തിരുവനന്തപുരം നഗരത്തിലേക്ക് കൂടുതൽ ഇലക്ട്രിക് ബസുകൾ എത്തിത്തുടങ്ങി
പുതിയ ബസുകൾ എത്തുമ്പോൾ നിലവിൽ സർവീസ് നടത്തുന്ന ഡീസൽ ബസുകൾ കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്ക് കൈമാറും. ഇത് കൂടാതെ കിഫ്ബിയുടെ രണ്ടാം ഘട്ട ധനസഹായമായ 455 കോടി രൂപയ്ക്ക് 225 പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനായി പുതിയ പദ്ധതിയും സമർപ്പിച്ചിട്ടുണ്ട്. ഗതാഗത സംവിധാനം പഠിച്ച ശേഷം സിറ്റി സർക്കുലർ റൂട്ടുകളിലേക്കാണ് പുതിയ ഇലക്ട്രിക് ബസുകൾ നൽകുക. ഭാവിയിൽ കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളും ഇലക്ട്രിക് വാഹനങ്ങളാക്കി ആദ്യ ഹരിത നഗരമാക്കി മാറ്റുകയാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.