തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റ് സർവീസ് യഥാർഥ്യമായി. കെ - സ്വിഫ്റ്റിൻ്റെ ആദ്യ സർവീസ് തമ്പാനൂർ കെ.എസ്.ആർ.ടി.സി സെൻട്രൽ ഡിപ്പോയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്‌തു. കെ.എസ്.ആർ.ടി.സി നല്ല നാളെയിലേക്ക് കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആദ്യ യാത്ര ബെംഗളൂരുവിലേക്ക് : ഇത്തരം പദ്ധതികളിലൂടെ കെ.എസ്.ആർ.ടി.സിയെ അഭിവൃദ്ധിയിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നത്. ആ ശ്രമങ്ങൾക്ക് സർക്കാറിൻ്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു. 5.30 മുതൽ ബെംഗളൂരുവിലേക്കുള്ള എ.സി വോൾവോയുടെ നാല് സ്ലീപ്പർ സർവീസുകളും ആറ് മണിക്ക് ശേഷം തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡർ സർവീസുകളുമാണ് ആദ്യ ദിനം സര്‍വീസ് നടത്തുക.
ഗ്രാമവണ്ടിയ്‌ക്ക് ഗൈഡ് ബുക്ക് : കെ സ്വിഫ്റ്റ് പൊതുഗതാഗത രംഗത്ത് പുതിയ കാൽവെയ്പ്പാണെന്ന് കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്‌ടര്‍ ബിജു പ്രഭാകർ ഐ.എ.എസ് പറഞ്ഞു. മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഗ്രാമവണ്ടി ഗൈഡ് ബുക്ക് പ്രകാശനം ചെയ്‌തു. കെ.എസ്.ആർ.ടി.സി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഗ്രാമപ്രദേശങ്ങളിലേക്കും സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ഗതാഗതം ലഭ്യമാക്കുന്നതിന് വേണ്ടി പ്രത്യേകം ആരംഭിക്കുന്ന സർവീസാണ് ഗ്രാമവണ്ടി.
മുഖ്യാതിഥിയായി ആര്യ രാജേന്ദ്രൻ : ജീവനക്കാരുടെ ശമ്പളം, ബസുകളുടെ പരിപാലനം, ഇൻഷ്വറന്‍സ് തുടങ്ങിയ ചെലവുകൾ കെ.എസ്.ആർ.ടി.സി വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന റൂട്ടുകളിലേക്കും സമയത്തുമായിരിക്കും ബസുകൾ സർവീസ് നടത്തുക. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റ് വെബ്സൈറ്റ് പ്രകാശനം നിർവഹിച്ചു.
സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റ് ബസ് ഗജരാജയിലെ ആദ്യത്തെ റിസർവേഷൻ ചെയ്‌തവർക്കുള്ള സൗജന്യ കൂപ്പണുകളും വിതരണം ചെയ്‌തു. മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു.