തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയിലെത്തിയെന്ന മാധ്യമ വാർത്ത വ്യാജമെന്ന് കെഎസ്‌ആര്‍ടിസി മാനേജ്മെൻ്റ് . നിലവിൽ തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് നടത്തുന്നില്ല. മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതായും മാനേജ്മെൻ്റ് അറിയിച്ചു.
സ്വിഫ്‌റ്റ് ബസ് വഴിതെറ്റിയെന്ന മാധ്യമ വാര്‍ത്ത പ്രചരിച്ചതോടെ സിഎംഡി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മെയ് എട്ടിന് കൊട്ടാരക്കര, എറണാകുളം സര്‍വീസിലുണ്ടായിരുന്ന യാത്രക്കാരില്‍ നിന്നും വിജിലന്‍സ് എടുത്ത മൊഴിയില്‍ ബസ് റൂട്ട് മാറി സര്‍വീസ് നടത്തിയിട്ടില്ലെന്ന് കണ്ടെത്തി.
കെഎസ്‌ആര്‍ടിസി, കെഎസ്‌ആര്‍ടിസി സ്വിഫ്‌റ്റ് ബസുകള്‍ അന്തര്‍സംസ്ഥാന കരാറിന്‍റെ അടിസ്ഥാനത്തിലാണ് കര്‍ണാടകയിലേക്ക് സർവീസ് നടത്തുന്നത്. എന്നാല്‍ അത്തരത്തിലൊരു കരാര്‍ ഗോവയുമായി നടത്തിയിട്ടില്ല. ഗോവയിലേക്ക് സര്‍വീസ് നടത്തണമെങ്കില്‍ പ്രത്യേക പെര്‍മിറ്റ് ആവശ്യമാണ്. കെഎസ്ആർടിസി സ്വിഫ്റ്റിനെതിരെ ഉയരുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മാനേജ്‌മെന്‍റ് അറിയിച്ചു.