തിരുവനന്തപുരം : പാപ്പനംകോട് കെഎസ്ആർടിസി (Ksrtc) ഡിപ്പോയിൽ സ്വിഫ്റ്റ് ബസ് ഓടിക്കാൻ എത്തിയ ഡ്രൈവർമാർക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്തിയത് കാറിൽ. തിരുവനന്തപുരം നഗരത്തിൽ അടുത്ത മാസം മുതൽ സർവീസ് നടത്താനിരിക്കുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ ഓടിക്കേണ്ട ഡ്രൈവർമാർക്കാണ് ഡ്രൈവിങ് ടെസ്റ്റ് (driving test) കാറിൽ നടത്തിയത്. എച്ച് ടെസ്റ്റും റോഡ് ടെസ്റ്റും കാറിലാണ് നടത്തിയത്.
ഹെവി വാഹനം ഓടിക്കേണ്ട ഡ്രൈവർമാർക്ക് കാറിൽ ടെസ്റ്റ് നടത്തിയത് ഇതുവരെ കേട്ടുകേൾവി ഇല്ലാത്ത നടപടിയാണ്. 27 വനിത ഡ്രൈവർമാർക്ക് ആണ് പരിശീലനം നൽകിയത്. ഇതിൽ 10 പേർക്ക് മാത്രമാണ് ഹെവി ലൈസൻസ് ഉള്ളത്. ഇതിനുശേഷം തുടർന്നുള്ള പരിശീലനങ്ങൾ നൽകുമെന്നാണ് ഉദ്യോഗാർഥികൾക്ക് നൽകിയ വിവരം.
എന്നാൽ, സംഭവം വിവാദമായതിന് പിന്നാലെ കെഎസ്ആർടിസി അധികൃതർ ന്യായീകരണവുമായി രംഗത്തെത്തി. ഉദ്യോഗാർഥികൾക്ക് വിദഗ്‌ധ പരിശീലനം നൽകിയ ശേഷം മാത്രമേ സർവീസിനായി നിയോഗിക്കുവെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. റോഡ് ടെസ്റ്റ് നടക്കുമ്പോൾ സ്വിഫ്റ്റിലെ ഉദ്യോഗസ്ഥരും പിന്നാലെ ഉണ്ടായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ 29നാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ (ksrtc swift bus) കരാർ അടിസ്ഥാനത്തിൽ വനിത ഡ്രൈവർമാരെ നിയോഗിക്കാൻ കെഎസ്ആർടിസി എം ഡി ബിജു പ്രഭാകറും (Biju Prabhakar) സ്വിഫ്റ്റ് മാനേജ്മെന്‍റ് ബോർഡും സംയുക്തമായി ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. സ്വിഫ്റ്റിന്‍റെ കീഴിൽ സർവീസ് നടത്തുന്ന ഇലക്‌ട്രിക് ഉൾപ്പെടെയുള്ള ബസുകളിലേക്കാണ് കരാർ അടിസ്ഥാനത്തിൽ വനിത ഡ്രൈവർമാരെ നിയോഗിക്കുന്നത്. മെയ് ഏഴിനുള്ളിൽ അപേക്ഷകൾ സമർപ്പിക്കാനായിരുന്നു നിർദേശം. ഏപ്രിൽ 26 നാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിനികൾ തിരുവനന്തപുരം ജില്ല പരിധിയിലെ സർവീസുകൾക്ക് അനുസൃതമായി രാവിലെ അഞ്ച് മണിക്കും രാത്രി 10 നും ഇടയിൽ ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ദിവസ വേതന വ്യവസ്ഥയിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയും അർഹമായ ഇൻസെന്‍റീവ്, അലവൻസുകൾ, ബാറ്റ എന്നിവ നൽകും. സൈൻ ഇൻ സൈൻ ഓഫ് അടക്കമുള്ള എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് ശേഷം അധികം വരുന്ന ഓരോ മണിക്കൂറിനും 130 രൂപ നിരക്കിൽ അധിക സമയത്തിന് അനുപാതികമായി വേതനം നൽകും.
കരാറിലേർപ്പെട്ട് ട്രെയിനിങ് പൂർത്തിയാക്കുന്ന ഉദ്യോഗാർഥിനികൾ 12 മാസം തുടർച്ചയായി കെഎസ്ആർടിസി സ്വിഫ്റ്റിൽ തെരഞ്ഞെടുക്കപ്പെട്ട തസ്‌തികയിൽ ജോലി ചെയ്യണം. ഓരോ മാസവും കുറഞ്ഞത് 16 ഡ്യൂട്ടി നിർവഹിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിനികൾ കരുതൽ നിക്ഷേപമായി കെഎസ്ആർടിസി എംഡിയുടെ പേരിൽ 30,000 രൂപ പലിശരഹിത സെക്യൂരിറ്റി ഡിപ്പോസിറ്റ് ഒടുക്കണം.
12 മാസം പൂർത്തിയാക്കാതെ പിരിഞ്ഞു പോകുന്നവരുടെ കരുതൽ നിക്ഷേപം കണ്ടുകെട്ടി കമ്പനി വകകളിൽ മുതൽക്കൂട്ടുമെന്നും ഉത്തരവിൽ പറയുന്നു. തെരഞ്ഞെടുക്കപ്പെടുന്നവർ യാത്രക്കാരോട് പാലിക്കേണ്ട മര്യാദകളെക്കുറിച്ചും ഉത്തരവിൽ പറയുന്നുണ്ട്.
Also read : Ksrtc | ടിക്കറ്റിൽ ഗുരുതര ക്രമക്കേട്; ജീവനക്കാരെ പിരിച്ചുവിട്ട് കെഎസ്‌ആര്‍ടിസി