തിരുവനന്തപുരം: കിഴക്കേകോട്ടയിൽ കെഎസ്ആർടിസി ജീവനക്കാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തെ തുടര്‍ന്ന് നടത്തിയ സമരം കെഎസ്ആർടിസി പിന്‍വലിച്ചു. പൊലീസ് അറസ്റ്റ് ചെയ്‌തവരെ വിട്ടയച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. യൂണിയൻ നേതാക്കൾ പൊലീസുമായി നടത്തിയ ചർച്ചയിൽ, അറസ്റ്റിലായിരുന്ന ഡിടിഒ സാം ലോപസ് അടക്കമുള്ള മൂന്ന് പേരെ സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ ധാരണയായി. കെഎസ്ആർടിസിക്ക് അനുവദിച്ച സ്ഥലത്ത് നിന്ന് സ്വകാര്യ ബസ് സർവീസ് നടത്തിയത് ചോദ്യം ചെയ്‌ത ഡിടിഒയെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. പണിമുടക്കിനെ തുടർന്ന് ജില്ലയിൽ ഉടനീളം കെഎസ്‌ആര്‍ടിസി സർവീസുകൾ മുടക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. ജീവനക്കാരുടെ നേതൃത്വത്തിൽ ഫോർട്ട് പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തിരുന്നു.
ആറ്റുകാൽ ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസ് നടത്തിയ കെഎസ്ആർടിസി ബസിനെ തടസപ്പെടുത്തി സർവീസ് നടത്താൻ ശ്രമിച്ച സ്വകാര്യ ബസ്, ഡിടിഒയുടെ നേതൃത്വത്തിൽ തടഞ്ഞതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. സ്വകാര്യ ബസ് ജീവനക്കാരെ പിന്തുണച്ച് പൊലീസ് രംഗത്തെത്തിയതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഡിടിഒയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.