തിരുവനന്തപുരം: തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ കെഎസ്‌ആർടിസി സർവീസുകളുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാൻ തീരുമാനം. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ശനി, ഞായർ ദിവസങ്ങളിൽ കഴിഞ്ഞ ഞായറാഴ്‌ച നടത്തിയ സർവീസുകളുടെ പകുതി മാത്രമേ ഉണ്ടാകൂവെന്നും കെഎസ്ആർടിസി അറിയിച്ചു.
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം യാത്രക്കാരുടെ എണ്ണം അനുസരിച്ച് തിങ്കൾ മുതൽ വെള്ളി വരെയുള്ള സർവീസുകൾ 70 ശതമാനം വരെ വർധിപ്പിക്കും. കെഎസ്ആർടിസിയിലെ എല്ലാ വിഭാഗങ്ങളിലും 50 ശതമാനം ജീവനക്കാർ മാത്രം ഹാജരായാൽ മതിയെന്നും അധികൃതർ അറിയിച്ചു.