തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പരിഷ്‌കരണത്തിൽ തർക്കം തുടരുന്നതിനിടെ സിഎംഡി ബിജു പ്രഭാകർ ഇന്ന് (30.10.21) ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തും. മുഖ്യമന്ത്രിയും ധനകാര്യ-ഗതാഗത മന്ത്രിമാരും നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ യൂണിയനുകളെ അറിയിക്കും.
കെഎസ്ആർടിസിയിൽ നിലവിൽ 7500 ജീവനക്കാർ അധികമാണെന്നാണ് മാനേജ്മെന്‍റിന്‍റെ കണക്ക്. ഇതിൽ 3000 പേരെ രണ്ട് വർഷം നിർബന്ധിത അവധി എടുപ്പിക്കണം. ഇതുവഴി ആറ് കോടി രൂപ മാസം ലാഭിക്കാമെന്നാണ് മാനേജ്‌മെന്‍റിന്‍റെ വിലയിരുത്തൽ. മധ്യപ്രദേശ് സർക്കാർ ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നടപ്പിലാക്കിയ 50% ശമ്പളം നൽകി രണ്ട് വർഷം വരെ ജീവനക്കാരെ അവധി എടുപ്പിക്കുന്ന പദ്ധതി നേരത്തെ കെഎസ്ആർടിസിയിലും നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യവും യോഗത്തിൽ സിഎംഡി ജീവനക്കാരെ അറിയിക്കും.
Also Read: ഇതുവരേയും വാക്സിനെടുത്തില്ലേ, എങ്കില്‍ സ്കൂളിലേക്ക് വരേണ്ട; അധ്യാപകരോടും രക്ഷിതാക്കളോടും മന്ത്രി
മാസം 80 കോടിയാണ് കെഎസ്ആർടിസിയുടെ ഇപ്പോഴത്തെ വരുമാനം. ഇതിൽ 55 കോടി ഇന്ധന ചെലവാണ്. മറ്റ് ചെലവുകൾ 70 മുതൽ 90 കോടി രൂപ വരെ വരും. ശമ്പളത്തിനുള്ള 80 കോടി സർക്കാരാണ് നൽകുന്നത്. 3100 കോടിയാണ് ബാങ്കുകളിലെ തിരിച്ചടവ് ഉൾപ്പെടെ കെഎസ്ആർടിസിയുടെ ബാധ്യത.